തിരുവനന്തപുരം: ഇടിമിന്നലേറ്റ് 18-കാരൻ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. ആറ്റിങ്ങൽ സ്വദേശി മിഥുനാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം നെടുമങ്ങാടുള്ള തിരിച്ചിട്ടപ്പാറയിൽ എത്തിയതായിരുന്നു മിഥുൻ. ഉച്ചയോടെയാണ് അപകടമുണ്ടായത്.
മഴ പെയ്തപ്പോൾ മിഥുനും സുഹൃത്തുക്കളും പാറയുടെ അടിയിൽ കയറി നിന്നിരുന്നു. ഈ സമയത്താണ് മിന്നലേറ്റത്. മിഥുൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. യുവാവിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൃതദേഹം തിരുവനന്തപുരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഇടിമിന്നലേറ്റ് 58-കാരി മരിച്ചിരുന്നു. ഹരിപ്പാട് സ്വദേശിനി ശ്യാമള ഉത്തമനാണ് മരിച്ചത്. വീയപുരം വിത്തുല്പാദന കേന്ദ്രത്തിലെ തൊഴിലാളിയായിരുന്ന ശ്യാമളയ്ക്ക് ജോലിക്കിടെ ഇടിമിന്നലേൽക്കുകയായിരുന്നു.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നവംബർ നാല് മുതൽ എട്ട് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.