റിയാദ്: കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരത്തകർച്ചയാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. റിയാദ് ഇന്ത്യൻ മീഡിയാ ഫോറം സംഘടിപ്പിച്ച ‘മലയാളം സംസ്കാരം സൗഹാർദ്ദം’ മുഖാമുഖം പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസം തേടി വിദേശ രാജ്യങ്ങളിലേയ്ക്ക് വൻ കുടിയേറ്റമാണ് നടക്കുന്നത്. ഇതു കേരളത്തെ വൃദ്ധ സംസ്ഥാനമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
യഥാർത്ഥ മതബോധത്തിന്റെ അഭാവമാണ് മത സംഘർഷത്തിന് കാരണമെന്നും കേരളത്തിൽ അപരിചിതമായ പല അനഭലഷണീയ പ്രവണതകളും വർദ്ധിച്ച് വരുന്നത് ആശങ്കാ ജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദ് ഡി പാലസ് ഓഡിറ്റോറിയത്തിൽ നദന്ന പരിപാടിയിൽ മീഡിയാ ഫോറം പ്രസിഡന്റ് നസ്റുദ്ദീൻ വിജെ അദ്ധ്യക്ഷത വഹിച്ചു. മീഡിയാ ഫോറം പ്രവർത്തകർ എൻകെ പ്രേമചന്ദ്രനും പ്രശംസാ ഫലകം സമ്മാനിച്ചു. പത്നി ഡോ. ഗീതാ പ്രേമചന്ദ്രനും സന്നിഹിതയായിരുന്നു.
ഗാന്ധി ഭവൻ ട്രസ്റ്റിയും സ്നേഹരാജ്യം മാഗസിൻ മാനേജിംഗ് എഡിറ്ററായ ഡോ. സോമരാജനെ പൊന്നാട അണിഞ്ഞ് ആദരിച്ചു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പളളി സ്വാഗതവും സെക്രട്ടറി നാദിനഷാ റഹ്മാൻ നന്ദിയും പറഞ്ഞു. നജിം കൊച്ചുകലുങ്ക്, സുലൈമാൻ ഊരകം, ജലീൽ ആലപ്പുഴ, നൗഫൽ പാലക്കാടൻ, ജയൻ കൊടുങ്ങല്ലൂർ, ഷിബു ഉസ്മാൻ, മുജീബ് ചങ്ങരംകുളം എന്നിവർ നേതൃത്വം നൽകി.