യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപിന്റെ തിരിച്ച് വരവിന് പിന്നാലെ ചർച്ചയായി ട്രംപ്- മസ്ക് കെമിസ്ട്രി. വിജയം ഉറപ്പിച്ചിതിന് ശേഷം ട്രംപ് നടത്തിയ അഭിസംബോധനയിലും
ഇലോൺ മസ്കിന്റെ പേര് ഉയർന്നു കേട്ടു. മസ്കിന് നന്ദി പറഞ്ഞ ട്രംപ് അതിശയിപ്പിക്കുന്ന വ്യക്തി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
” നമ്മുക്ക് ഇപ്പോൾ ഒരു പുതിയ താരമുണ്ട്, അദ്ദേഹമാണ് മസ്ക്, ശരിക്കും അത്ഭുപ്പെടുത്തുന്ന വ്യക്തിയാണ്. കഴിഞ്ഞ രാത്രി ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. ഫിലാഡൽഫിയയിലും പെൻസിൽവാനിയയിലും, പ്രചാരണത്തിനായി അദ്ദേഹം രണ്ടാഴ്ചയാണ് ചെലവഴിച്ചതെന്നും ട്രംപ് പറഞ്ഞു. മുൻപ് സപെസ് എക്സിന്റെ വിക്ഷേപണവേളയിലും ട്രംപ് മസ്കിന് വാനോളം പുകഴ്ത്തിയിരുന്നു. അന്ന് “ഇലോണിന് മാത്രമേ ഇത് ചെയ്യാൻ കഴിയൂ, അതുകൊണ്ടാണ് ഞാൻ നിന്നെ സ്നേഹിക്കുന്നതെന്നാണ് ട്രംപ് പറഞ്ഞത്.
ട്രംപ് വ്യക്തമായ ലീഡ് നേടിയശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ, “ഗെയിം, സെറ്റ്, മാച്ച്” എന്നാണ് മസ്ക് ട്വീറ്റ് ചെയ്തത്. ട്രംപിന്റെ പെൻസിൽവാലിയയിലെ പ്രചാരണ പരിപാടിക്കായി 119 മില്യൺ ഡോളറോളം മസ്ക് ചെലവഴിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
വൈറ്റ് ഹൗസിലേക്കുള്ള ട്രംപിന്റെ തിരിച്ച് വരവ് മസ്കിന് സുവർണ്ണ നേട്ടങ്ങൾ സമ്മാനിക്കുമെന്ന് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ബൈഡന്റെ ഭരണകൂടത്തിന്റെ കീഴിൽ നിരവധി 19 ലധികം നിയമനടപടികൾക്ക് മസ്കും കമ്പനിയും വിധേയരായിരുന്നു. എന്നാൽ പുതിയ പ്രസിഡന്റ് എത്തിയതോടെ യുഎസ് ഭരണത്തിൽ സ്വാധീനം ചെലുത്തയാളായി മസ്ക് മാറും. കൂടാതെ യുഎസ് പ്രതിരോധ വകുപ്പ്, നാസ എന്നിവയുടെ പ്രധാന പങ്കാളിയായി മസ്കിന്റെ സ്പേസ് എക്സും മാറും.
നികുതിദായകരുടെ പണം ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന ഒരു “കമ്മീഷനെ” മാസ്ക് നയിക്കണമെന്നാണ് ട്രംപിന്റെ ആഗ്രഹമെന്ന് മുതിർന്ന ഉപദേഷ്ടാവ് ബ്രയാൻ ഹ്യൂസ് പറഞ്ഞിരുന്നു. എന്തായാലും വരും ദിവസങ്ങളിൽ ട്രംപ്- മസ്ക് കെമിസ്ട്രി കൂടുതൽ പ്രായോഗിക വശങ്ങൾ യുഎസും ലോകവും കാണുമെന്ന് ചുരുക്കം.