“തീവ്ര ഇടതുപക്ഷത്തിന്റെ മതവിരുദ്ധ അജണ്ടയിൽ” നിന്ന് അമേരിക്കൻ ഹിന്ദുക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത നേതാവാണ് ഡോണൾഡ് ട്രംപ്. ഇന്ത്യയിലെ ബുദ്ധിജീവികൾ പോലും നാവടക്കി ബംഗ്ലാദേശിലെ ന്യൂനപക്ഷ വിരുദ്ധ പീഡനങ്ങൾ കണ്ടിരുന്നപ്പോൾ അവർക്ക് വേണ്ടി ശബ്ദമുയർത്താനും ട്രംപ് തയ്യാറായി.
2016 ൽ ഇന്ത്യൻ-അമേരിക്കൻ ചാരിറ്റി പരിപാടിയിൽ പങ്കെടുക്കവേയാണ് ട്രംപ് ‘ ഞാൻ ഹിന്ദുവിന്റെ വലിയ ആരാധകനാണ്, ഇന്ത്യയുടെ വലിയ ആരാധകനാണ് ‘ – എന്ന് പ്രഖ്യാപിച്ചത്. നിലവിളക്ക് കൊളുത്തുന്ന ട്രംപിന്റെ ചിത്രങ്ങൾ അന്ന് അമേരിക്കയിലെ ഹിന്ദു സമൂഹം ഏറ്റെടുത്തു. ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഹിന്ദുക്കൾക്കിടയിൽ അദ്ദേഹത്തിന് വലിയ പിന്തുണ നേടിക്കൊടുത്തു.
തീവ്ര ഇടത് പക്ഷത്തിൽ നിന്നും ഹിന്ദുക്കളെ സംരക്ഷിക്കുമെന്നും അവരുടെ സ്വാതന്ത്ര്യത്തിനായി പോരാടുമെന്നും ദീപാവലി സന്ദേശത്തിലാണ് ട്രംപ് ഉറപ്പുനൽകിയത് . പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘നല്ലമിത്ര’മെന്നുവിശേഷിപ്പിച്ച ട്രംപ് അധികാരത്തിലെത്തിയാൽ ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തമാക്കാൻ ആഗ്രഹിക്കുന്നെന്നും കുറിച്ചു. ‘ നരേന്ദ്രമോദിയുമായി തനിക്ക് നല്ല വ്യക്തിപരമായ ബന്ധമുണ്ട് , അദ്ദേഹം ഏറ്റവും നല്ല സുഹൃത്താണ് , ഇന്ത്യക്കായി ഭാവിയില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും‘ 2020 ൽ ഡൊണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
പ്രസിഡൻ്റ് ജോ ബൈഡനെയും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെയും വിമർശിച്ച ട്രംപ് ആഗോളതലത്തിലും അമേരിക്കയിലും അവർ ഹിന്ദുക്കളെ അവഗണിച്ചുവെന്നും പറഞ്ഞിരുന്നു . ഹിന്ദുവംശജർക്ക് അനുകൂലമായ ട്രംപിന്റെ വാദ്ഗാനത്തെ പ്രകീർത്തിച്ച് യു.എസിലെ ഹിന്ദുസമൂഹവും രംഗത്തെത്തിയിരുന്നു.