ബീജിങ്: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. അമേരിക്കയും ചൈനയും തമ്മിൽ സുസ്ഥിരമായതും ആരോഗ്യകരവുമായ ബന്ധം ബന്ധം രൂപപ്പെടുത്താൻ ട്രംപിനുള്ള സന്ദേശത്തിൽ ഷി ജിൻപിങ് പറഞ്ഞതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. ചൈനയും അമേരിക്കയും സഹകരിച്ച് പ്രവർത്തിച്ച സമയങ്ങളിൽ ഇരുകൂട്ടർക്ക് അത് പ്രയോജനമായിരുന്നുവെന്നും, എതിർത്ത് നിന്നപ്പോൾ ഇരുകൂട്ടർക്കും അതിൽ നിന്ന് നഷ്ടം മാത്രമാണ് സംഭവിച്ചതെന്നും ചരിത്രം തെളിയിക്കുന്നതായി അഭിനന്ദന സന്ദേശത്തിൽ ഷി ചൂണ്ടിക്കാട്ടി
” സുസ്ഥിരമായതും ആരോഗ്യകരവുമായ ബന്ധമാണ് ചൈനയും അമേരിക്കയും തമ്മിൽ വേണ്ടത്. അത് പൊതുതാത്പര്യവും അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതീക്ഷകൾക്ക് അനുസരിച്ചുള്ളതാണ്. ട്രംപിന്റെ രണ്ടാം ഊഴത്തിൽ ഇരുപക്ഷവും പരസ്പര ബഹുമാനത്തോടെയും, സഹകരണത്തോടെയും പ്രവർത്തിച്ച് കൊണ്ട് ബന്ധം മെച്ചപ്പെടുത്തണമെന്നും, പുതിയ യുഗത്തിൽ ശരിയായ പാതയിലൂടെ സഞ്ചരിക്കാമെന്നും” ഷി ജിൻപിങിന്റെ സന്ദേശത്തിൽ പറയുന്നതായി സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തെ ബഹുമാനിക്കുകയാണെന്നും, ട്രംപിന് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുകയാണെന്നും ചൈനീസ് വിദേശകാര്യ വക്താവും അറിയിച്ചിരുന്നു. അമേരിക്കയും ചൈനയും അഭിപ്രായവ്യത്യാസങ്ങൾ ശരിയായി കൈകാര്യം ചെയ്യണമെന്നും, പ്രായോഗിക സമീപനമാണ് വേണ്ടതെന്നുമാണ് ചൈന ഡെയ്ലി ട്രംപിന്റെ വിജയത്തിന് പിന്നാലെ റിപ്പോർട്ട് ചെയ്തത്.
ട്രംപ് അധികാരത്തിലെത്തുന്നതിനെ ഏറ്റവും ആശങ്കയോടെ കാണുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. മുൻപ് ട്രംപ് പ്രസിഡന്റായിരുന്ന സമയത്ത് അമേരിക്കയുമായി അടുത്ത ബന്ധമായിരുന്നില്ല ചൈനയ്ക്കുണ്ടായിരുന്നത്. വ്യാപാരം, ടെക്നോളജി, സുരക്ഷ തുടങ്ങിയ പ്രധാന വിഷയങ്ങളിലെല്ലാം ഇരുകൂട്ടരും തമ്മിൽ വലിയ രീതിയിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. മാത്രമല്ല ട്രംപ് കടുത്ത രീതിയിൽ ചൈനീസ് വിരുദ്ധ നിലപാടുകൾ സ്വീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇക്കുറിയും ട്രംപിന്റെ സ്ഥാനാരോഹണത്തെ അൽപ്പം ആശങ്കയോടെയാണ് ചൈന നോക്കിക്കാണുന്നത്.