ആലപ്പുഴ: കുട്ടനാടൻ പാടശേഖരങ്ങളിലും വേമ്പനാട് കായലിലും വ്യാപകമായി കാണുന്ന നീല കാർബണിന് ശതകോടികളുടെ മൂല്യം. കായലിലും പാടത്തും 80 മീറ്റർ ആഴത്തിൽ കാർബൺ ശേഖരമുണ്ട്. ഒരേക്കർ വിസ്തൃതിയുള്ള കുട്ടനാടൻ പാടങ്ങളിൽഏകദേശം 6,000 കോടി രൂപ മൂല്യമുള്ള നീല കാർബണുണ്ടെന്നാണ് കണക്ക് . പ്രദേശത്ത് ഏകദേശം 1,400,000 ഏക്കർ പാടമുണ്ട്.
കാർബൺ വ്യാപാര ( കാർബൺ ട്രെഡിംഗ്) നിയമം പ്രാബല്യത്തിൽ വരുന്നതോടെ നീല കാർബണിനെ ബുദ്ധി പൂർവ്വം ഉപയോഗിക്കാനാകുമെന്ന് അന്തർദേശീയ കായൽകൃഷി ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. കെ. ജി പദ്മകുമാർ പറഞ്ഞു. ഇതിനായി 100 കോടിയുടെ പദ്ധതി കൃഷി വകുപ്പ് വഴി കേന്ദ്രസർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർബൺ ഡൈ ഓക്സൈഡ് പുറന്തുള്ളുന്ന വ്യവസായശാലകളുടെ സിഎസ്ആർ ഫണ്ടിൽ നിന്നുൾപ്പെടെ വലിയ തുക സമാഹരിക്കാനാകുമെന്നാണ് വിലയിരുത്തൽ. തീരദേശ, സമുദ്ര ആവാസ വ്യവസ്ഥകളിലും സംഭരിക്കപ്പെടുന്ന കാർബൺ ആണ് നീല കാർബൺ. കണ്ടൽക്കാടുകൾ, വേലിയേറ്റമുണ്ടാകുന്ന ചതുപ്പുകൾ, തണ്ണീർത്തടങ്ങളിൽ എന്നവിടങ്ങളിലാണ് ഇവ കൂടുതാലായും രൂപപ്പെടുന്നത്.