പാലക്കാട്: നീലട്രോളി ബാഗിലെന്തെന്ന ചോദ്യം കത്തിപ്പടരുമ്പോൾ സിപിഎമ്മിനെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎമ്മും കോൺഗ്രസും ചേർന്ന് നടത്തുന്ന ആസൂത്രിതമായ നാടകമാണിതെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. പാലക്കാട് കോൺഗ്രസ് നേതാക്കൾ താമിസിച്ച കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
” പാലക്കാട് കെപിഎം ഹോട്ടലിലേക്ക് കള്ളപ്പണം കൊണ്ടുവന്നുവെന്നത് പകൽ പോലെ തെളിഞ്ഞ വസ്തുതയാണ്. പൊലീസിന് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതാണ്. കോൺഗ്രസിനും പാലക്കാട് സ്ഥാനാർത്ഥിക്കും കള്ളപ്പണം മാറ്റാനുള്ള സമയം നൽകിയത് പൊലീസാണ്. ഇതിനുള്ള സൗകര്യം ഒരുക്കി നൽകിയതോടെയാണ് തൊണ്ടിമുതൽ പിടികൂടാതെ പോയത്.”- കെ സുരേന്ദ്രൻ പറഞ്ഞു.
ഹോട്ടലിലേക്ക് പൊലീസ് എത്തിയെങ്കിലും പിന്നീട് നടന്നതെല്ലാം ആസൂത്രിതമായ നീക്കങ്ങളായിരുന്നു. പാലക്കാട്ടെ സിപിഎമ്മിലെ ഒരു വിഭാഗവും കോൺഗ്രസിനെ സഹായിക്കുന്ന നിലപാടാണ് എക്കാലത്തും സ്വീകരിച്ചിരുന്നത്. അതേ സംഘം തന്നെയാണ് പൊലീസ് റെയ്ഡിൽ കോൺഗ്രസിനെ സഹായിക്കാൻ തയ്യാറായതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
ഹോട്ടലിലേക്ക് പൊലീസെത്തി നടപടികൾ ആരംഭിച്ചെങ്കിലും പിന്നീട് പെട്ടന്ന് പിന്മാറുന്ന കാഴ്ചയാണ് കണ്ടത്. സിപിഎം നേതാക്കൾ എത്തിയ ശേഷമാണ് വീണ്ടും പൊലീസ് എത്തിയത്. പിന്നീട് നടന്നതെല്ലാം എൽഡിഎഫ്- യുഡിഎഫ് ആസൂത്രിത നാടകമായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.