പാമ്പും തേനീച്ചയും കടിച്ച് ആളുകൾ മരിച്ചുവെന്ന് നമ്മൾ കേട്ടിട്ടുണ്ട് . പക്ഷേ ഉറുമ്പ് കടിച്ചുള്ള മരണം ആദ്യമായാകും കേൾക്കുന്നത് . ആന്ധ്രയിലെ വൈഎസ്ആർ കടപ്പയിലാണ് സംഭവം.
ഓട്ടോ ഡ്രൈവറായിരുന്ന ദ്വാരകനാഥ റെഡ്ഡിയാണ് ഉറുമ്പിന്റെ കുത്തേറ്റ് മരിച്ചത്. 29 കാരനായ ദ്വാരകനാഥ് എരമാടിവാരിപ്പള്ളി സ്വദേശിയാണ് . ദിവസവും അമിതമായി മദ്യപിക്കുന്ന ദ്വാരകാനാഥ് തിങ്കളാഴ്ചയും മദ്യപിച്ച് റോഡിൽ വീണു.
അബോധാവസ്ഥയിൽ കിടന്ന ദ്വാരകനാഥ റെഡ്ഡിയെ ഉറുമ്പുകൾ പൊതിഞ്ഞ നിലയിലാണ് നാട്ടുകാർ കണ്ടെത്തിയത് . തുടർന്ന് യുവാവിനെ ഇവർ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. നില മോശമായതിനെ തുടർന്ന് മദനപ്പള്ളി ജില്ലാ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ദിവസം ചികിത്സയിലായിരുന്ന ദ്വാരകനാഥ റെഡ്ഡി ബുധനാഴ്ചയാണ് മരിച്ചത്. ഉറുമ്പിന്റെ കടിയേറ്റ് ശരീരത്തിൽ അണുബാധയുണ്ടാകുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.