കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മദ്യപന്റെ അക്രമം. ആശുപത്രി ലാബിന്റെ ചില്ലുകളുൾപ്പെടെ അക്രമി അടുച്ചുതകർത്തു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറേ കല്ലട സ്വദേശിയായ അനിമോനാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
മദ്യലഹരിയിലായിരുന്നു അനിമോൻ ആശുപത്രിയിലെത്തിയത്. ഡോക്ടറുടെ കാബിനിലേക്ക് തള്ളി കയറാനുള്ള ശ്രമം തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ ഇയാൾ മർദിച്ചു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച അനിമോനെ മറ്റുള്ളവർ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ലാബിന്റെ ചില്ലുകളടക്കം ഇയാൾ തകർക്കുകയായിരുന്നു.
ശാസ്താംകോട്ട പൊലീസ് എത്തി ഏറെ പണിപ്പെട്ടാണ് അനിമോനെ പിടികൂടിയത്. സംഭവത്തിന് പിന്നാലെ ആശുപത്രിക്കുള്ളിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ ആശുപത്രി സംരക്ഷണ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അനിമോനെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.