തിരുവനന്തപുരം: ആറ് വിദ്യാർത്ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ അദ്ധ്യാപകൻ പിടിയിൽ. തിരുവനന്തപുരം ശാന്തിവിള ന്യൂ യു.പി സ്കൂൾ അദ്ധ്യാപകൻ ബിനോജ് കൃഷ്ണയാണ് പിടിയിലായത്. രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പരാതിയിലാണ് പൊലീസ് നടപടി.
ആറ് പോക്സോ കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടികൾ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. ഇതോടെ കൗൺസിലർ വിവരം അദ്ധ്യാപകരെയും രക്ഷിതാക്കളെയും അറിയിക്കുകയായിരുന്നു. ഇതിനിടയിൽ ബിനോജ് ഒളിവിൽ പോയി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്തെ ലോഡ്ജിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ ഇയാൾ ജീവനൊടുക്കാനും ശ്രമിച്ചിരുന്നു. തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സകൾ നൽകിയതായും അദ്ധ്യാപകനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടതായും പൊലീസ് അറിയിച്ചു.