പാട്ന: വിഷപ്പാമ്പുകളോടൊപ്പം നൃത്തം ചെയ്യുന്നതിനിടെ കലാകാരന് പാമ്പ് കടിയേറ്റ് കുഴഞ്ഞുവീണു. ലൈവ് സ്റ്റേജ് ഷോയ്ക്കിടെയാണ് സംഭവം. ബിഹാറിലെ സഹർസയിലാണ് സംഭവം. പാമ്പുകളെ മുന്നിൽ വച്ചും ഒരു പാമ്പിനെ കയ്യിൽ ചുറ്റിയുമാണ് ഇയാൾ നൃത്തം ചെയ്തിരുന്നത്. നൃത്തത്തിനിടെ പാമ്പ് കടിച്ചത് അറിഞ്ഞെങ്കിലും അത് കാര്യമാക്കാതെ നൃത്തം തുടരുകയായിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങളടക്കം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഛഠ് പൂജ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിക്കിടെയാണ് സംഭവം. 2000 രൂപയ്ക്ക് വേണ്ടിയാണ് ഗൗരവ് കുമാർ എന്ന യുവാവ് ഇത്തരമൊരു പരിപാടി നടത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴുത്തിലും കയ്യിലുമായി പാമ്പിനെ ചുറ്റിയതിന് പുറമെ സ്റ്റേജിലും രണ്ട് പാമ്പുകളെ വച്ചിരുന്നു. കയ്യിൽ ചുറ്റിയിരുന്ന പാമ്പാണ് യുവാവിനെ കടിച്ചത്. പാമ്പ് കടിച്ചതിന് പിന്നാലെ യുവാവ് കൈ കുടയുന്നുണ്ട്. സമീപത്തുണ്ടായിരുന്ന ആളുടെ സഹായത്തോടെ ഈ പാമ്പിനെ വലിച്ച് താഴെയിടുകയും ചെയ്തു. എന്നാൽ അത് കാര്യമാക്കാതെ നൃത്തം തുടർന്നതോടെയാണ് തളർന്ന് വീഴുന്നത്.
गर्दन में जहरीला सांप लपेटकर 'नगीना' गाना पर डांस करना पड़ा महंगा, शो के दौरान कोबरा ने डस लिया; सहरसा जिले के सत्तर कटैया प्रखंड के रकिया बिजलपुर की घटना… pic.twitter.com/S6dbP8apLS
— Samastipur Town (@samastipurtown) November 11, 2024
തളർന്ന് വീണതിന് പിന്നാലെ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത് കൊണ്ടാണ് യുവാവിന്റെ ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ പറയുന്നു. വർഷങ്ങളായി ഇത്തരത്തിലുള്ള ഷോകൾ സംഘടിപ്പിക്കാറുണ്ടെന്നും, ആദ്യമായിട്ടാണ് ഇത്തരത്തിൽ പാമ്പ് കടിയേൽക്കുന്നതെന്നും ഗൗരവ് പറയുന്നു