പാട്ടുകൾ ആസ്വദിക്കാനിഷ്ടപ്പെടുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. മനുഷ്യരെ പോലെ മൃഗങ്ങളും പാട്ടുകൾ ആസ്വദിക്കാറുണ്ട്. അത്തരത്തിൽ പാട്ടുകൾ ആസ്വദിക്കുന്ന നായുടെ ജീവൻ രക്ഷിച്ചത് ഷാനിയ ട്വെയിന്റെ ഗാനമാണെന്ന വാർത്തയാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
ജാക്സ് എന്ന നായയ്ക്ക് ഷാനിയ ട്വെയിന്റെ ‘ Man! I Feel Like A Woman’ എന്ന ഗാനം വളരെ ഇഷ്ടമാണെന്ന് ഉടമ എല്ലാന ഫാരോ പറയുന്നു. ഈ പാട്ട് എപ്പോൾ കേട്ടാലും ജാക്സ് വളരെയധികം സന്തോഷം പ്രകടിപ്പിക്കുകയും കുരയ്ക്കുകയും ചെയ്യും. എന്നാൽ ഒരിക്കൽ ഈ ഗാനം കേട്ടിട്ടും ജാക്സ് വളരെയധികം വിഷമത്തിലായിരുന്നു.
ജാക്സിന്റെ അസാധാരണ പെരുമാറ്റം ഫാരോയിൽ സംശയത്തിനിടയാക്കി. ജാക്സ് ഭക്ഷണം കഴിക്കുന്നതിനും കൂട്ടാക്കിയില്ല. ഇതോടെ നായയെ മൃഗഡോക്ടറുടെ അടുത്തെത്തിച്ചു. പരിശോധനയിൽ നായയുടെ ശ്വാസകോശത്തിൽ 5 സെൻിമീറ്റർ നീളമുള്ള പുൽവിത്ത് കുടുങ്ങിയതായി ഡോക്ടർ കണ്ടെത്തി. ഇത് നീക്കം ചെയ്തതോടെ വീണ്ടും ഷാനിയ ട്വെയിന്റെ പാട്ടുകൾ ജാക്സ് വളരെ ഉത്സാഹത്തോടെ ആസ്വദിക്കാൻ തുടങ്ങിയെന്നും എല്ലാന ഫാരോ പറഞ്ഞു.
നായയ്ക്ക് അണുബാധയേറ്റതാകാമെന്നായിരുന്നു എല്ലാന ആദ്യം വിചാരിച്ചത്. എന്നാൽ ചികിത്സിക്കാതെ വിട്ടുകളഞ്ഞിരുന്നെങ്കിൽ ജാക്സിന്റെ ജീവന് വരെ ആപത്തുണ്ടാകുമായിരുന്നുവെന്നും അവർ വ്യക്തമാക്കി.