ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 5 പേർക്ക് ദാരുണാന്ത്യം. ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളായ ശ്രീദീപ് (പാലക്കാട്) മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്) ,ദേവാനന്ദ്, മുഹമ്മദ് ജബ്ബാർ (കണ്ണൂർ) ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി 8.45 ഓടെയാണ് അപകടം.
വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നുവെന്ന് ബസിലെ യാത്രക്കാർ പറഞ്ഞു. കായംകുളം ഭാഗത്തേക്ക് പോയിരുന്ന കെഎസ്ആർടിസി ബസും എറണാകുളം ഭാഗത്ത് നിന്നും വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ കാർ പൂർണമായി തകർന്നിട്ടുണ്ട്. നാട്ടുകാരാണ് പൊലീസിലും അഗ്നിശമന സേനയിലും വിവരം അറിയിച്ചത്. തുടർന്ന് കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്. വിദ്യാർത്ഥികളിൽ ഒരാൾ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണ്. പ്രദേശത്ത് മഴ ശക്തമായിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.