ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി മുതൽ പുലരുവോളം ശ്രീനഗറിലെ ഹർവാൻ മേഖലയിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ഹർവാനിലെ പർവതനിരയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള വെടിവെപ്പിനിടെയാണ് ഭീകരൻ കൊല്ലപ്പെട്ടത്. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സൈന്യം പരിശോധനയ്ക്ക് ഇറങ്ങിയത്. തുടർന്നുണ്ടായ ഏറ്റുമുട്ടൽ ചൊവ്വാഴ്ച രാവിലെ വരെ നീളുകയായിരുന്നു. വധിക്കപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല.
അതേസമയം വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ നടന്ന രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി എട്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയിലായിരുന്നു സംഭവം.