ലക്നൗ : ക്രീം റോളിൽ ഇരുമ്പ് കഷ്ണം. ലക്നൗവിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ ക്രീം റോളിനുള്ളിലാണ് ഇരുമ്പ് കഷ്ണം ഉണ്ടായിരുന്നത് . റോൾ കഴിക്കുന്നതിനിടെ ഇരുമ്പ് വായിൽ തട്ടി ഏഴു വയസുകാരിയ്ക്ക് ഗുരുതര പരുക്കേറ്റു. പെൺകുട്ടിയുടെ പിതാവ് അഡ്വക്കേറ്റ് ക്രാന്തിവീർ സിംഗ് പോലീസിൽ പരാതി നൽകി.
പത്രകർപുരത്തുള്ള ബേക്കറിയിൽ നിന്ന് നാല് ക്രീം റോളുകൾ വാങ്ങിയതായി പരാതിയിൽ പറയുന്നു. ഇതിൽ നിന്ന് ഒന്ന് എടുത്ത് കഴിക്കുന്നതിനിടെയാണ് മകളുടെ വായിൽ ഇരുമ്പ് കഷ്ണം തട്ടുന്നത്. വായിൽ നിന്ന് രക്തം ഒഴുകുന്ന നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത് . ക്രീം റോൾ പരിശോധിച്ചപ്പോൾ അതിൽ ഒരു ഇരുമ്പ് കഷ്ണം കണ്ടെത്തി .
ബേക്കറി കടയുടമ ക്രീം റോൾ ഇരുമ്പ് കഷണത്തിൽ ചുറ്റി ചുട്ടെടുക്കുകയായിരുന്നുവെന്നാണ് സൂചന. എന്നാൽ വിൽപ്പനയ്ക്ക് വയ്ക്കും മുൻപ് അത് എടുത്ത് മാറ്റിയിരുന്നില്ല. ഇതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന . ഭക്ഷണത്തിൽ മായം ചേർക്കൽ, മനഃപൂർവമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ബേക്കറി ഉടമയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത്.