സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന , അല്ലു അർജുൻ നായകനാകുന്ന പുഷ്പ ഡിസംബർ 5 ന് തിയേറ്ററുകളിലെത്തും . പ്രഗത്ഭനായ സംവിധായകൻ സുകുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ടീസറും ട്രെയ്ലറും ഇതിനോടകം തന്നെ പ്രേക്ഷകരെ ആകർഷിച്ചു കഴിഞ്ഞു . ദേവിശ്രീ പ്രസാദാണ് സംഗീതം. ഹൈദരാബാദിൽ നടന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയ്ക്ക് കാവലായി നിയമിച്ചത് 1000 പോലീസുകാരെയാണ് .ഇപ്പോഴിതാ ഇന്ത്യയിലെ ഒന്നാം നിരസംവിധായകനായ എസ് എസ് രാജമൗലി പുഷ്പ 2 വിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
‘ പുഷ്പ 1 സമയത്ത് അല്ലു അർജുനൊപ്പമായിരുന്നു ഉത്തരേന്ത്യ . ഇപ്പോൾ മൂന്ന് വർഷത്തിന് ശേഷം, പ്രമോഷനുകളൊന്നും ആവശ്യമില്ലാത്ത ലോകമെമ്പാടുമുള്ള ക്രേസാണ് പുഷ്പ 2.സാധാരണയായി നമ്മൾ ഏതെങ്കിലും സിനിമാ പരിപാടിക്ക് പോകുമ്പോൾ ആ സിനിമയ്ക്ക് ഉപകാരപ്പെടുന്ന ഒരു കാര്യത്തെ കുറിച്ച് സംസാരിക്കാറുണ്ട്, എന്നാൽ ഈ സിനിമയ്ക്ക് അത് ആവശ്യമില്ല.
ഏകദേശം രണ്ടോ മൂന്നോ മാസം മുമ്പ് പുഷ്പ റാമോജി ഫിലിം സിറ്റിയിൽ ഷൂട്ടിംഗ് നടക്കുമ്പോൾ ഞാൻ അവിടെ പോയിരുന്നു. അവിടെ അല്ലുവിനോടും , സുകുമാറിനോടും സംസാരിക്കുമ്പോൾ സുകുമാർ സിനിമയിലെ ഒരു രംഗം കാണിച്ചു . ആ രംഗം പുഷ്പ രാജിന്റെ ഇൻട്രൊഡക്ഷൻ സീനാണ്. അത് കണ്ടപ്പോൾ തന്നെ മനസ്സിലായി സിനിമ എങ്ങനെയായിരിക്കുമെന്ന്. ഞാൻ ഉടനെ ദേവി ശ്രീ പ്രസാദിനോട് സംഗീതം ഏറ്റവും പെർഫെക്ട് ആകണം എന്ന് മാത്രം പറഞ്ഞു. ഡിസംബർ 4 വൈകുന്നേരം മുതൽ ഈ സിനിമ എങ്ങനെയായിരിക്കുമെന്ന് ലോകം മുഴുവൻ അറിയും. മഴയും പെയ്യും, അത് തീർച്ചയായും ശുഭകരമായ കാര്യമാണ്,” എന്നാണ് രാജമൗലിയുടെ വാക്കുകൾ.