ന്യൂഡൽഹി : മാതാപിതാക്കളെയും സഹോദരിയെയും കഴുത്ത് അറുത്തുകൊന്ന 20 കാരൻ അറസ്റ്റിൽ.ഡൽഹിയിലെ നെബ് സരായിൽ ഒരു കുടുംബത്തിലെ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിയും ബോക്സറുമായ അർജുൻ തൻവാറാണ് അറസ്റ്റിലായത്.
രാജേഷ് (55), കോമൾ (47), മകൾ കവിത ( 23) എന്നിവരാണ് കുത്തേറ്റു മരിച്ചത് . മാതാപിതാക്കളുടെ വിവാഹ വാര്‍ഷിക ദിനത്തിലാണ് അര്ജുന് കൊലപാതകം നടത്തിയത്. മാതാപിതാക്കൾ സഹോദരിയെ കൂടുതൽ സ്നേഹിക്കുന്നതിൽ തോന്നിയ പകയാണിതിന് പിന്നില്ലെന്നാണ് സൂചന.
നിലവിളി കേട്ടെത്തിയ നാട്ടുകാരോട് താൻ രാവിലെ നടക്കാൻ പോയതാണെന്നും മടങ്ങി വന്നപ്പോൾ കണ്ടത് മൃതദേഹങ്ങളാണെന്നുമാണ് അർജുൻ പറഞ്ഞത് . തങ്ങൾ എത്തുമ്പോൾ അർജുൻ കരയുകയായിരുന്നുവെന്നും , അയാളാണ് തങ്ങളോട് വിവരം പറഞ്ഞതെന്നുമാണ് അയല്‍വാസികൾ പറയുന്നത്.
മാതാപിതാക്കൾ തന്നെക്കാൾ സഹോദരിയെ ഇഷ്ടപ്പെടുന്നതിൽ അർജുൻ അസ്വസ്ഥനായിരുന്നുവെന്നും , സ്വത്തുക്കളും സഹോദരിയ്ക്ക് മാത്രമായി നൽകുമോ എന്ന ഭയത്തിലായിരുന്നു 20 കാരനെന്നുമാണ് പൊലീസ് പറയുന്നത് .
മാതാപിതാക്കൾ തന്നെ മർദിക്കാറുണ്ടെന്നും ഇയാൾ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്ത് നിന്നുള്ള ചിലരുടെ മുന്നിൽ വെച്ച് തന്നെ ശകാരിക്കുകയും ചെയ്തു.മാതാപിതാക്കളെയും സഹോദരിയെയും കൊല്ലാൻ, പിതാവിന്റെ കത്തി തന്നെയാണ് ഉപയോഗിച്ചതെന്നും അർജുൻ പറഞ്ഞു.