തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ രണ്ടരവയസുകാരി നേരിട്ട ക്രൂരതയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതികളായ മൂന്ന് ആയമാരും നഖം വെട്ടിയാണ് പൊലീസിന് മുന്നിൽ ഹാജരായത്. മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ശാസ്ത്രീയ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലെത്തിയ പിഞ്ചു കുഞ്ഞിനോട് അതി ക്രൂരമായിട്ടാണ് മൂന്ന് ആയമാരും പെരുമാറിയത്. കിടക്കയിൽ സ്ഥിരമായി മൂത്രമൊഴിച്ചിരുന്ന കുഞ്ഞിനെ കാര്യമായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പ്രധാന പ്രതി അജിത ഒപ്പമുണ്ടായിരുന്നവരോട് കഴിഞ്ഞ മാസം 24 ന് ഒരു വിവാഹ വേദിയിൽ വെച്ചാണ് പറയുന്നത്. അത് കേട്ട് സന്തോഷിച്ചതല്ലാതെ ഉപദ്രവം തടയാനോ റിപ്പോര്‍ട്ട് ചെയ്യാനോ ഒപ്പമുണ്ടായിരുന്ന സിന്ധുവും മഹേശ്വരിയും തയ്യാറായില്ല. കുഞ്ഞിന് ഒരു പണി കൊടുത്തുവെന്ന തരത്തിലാണ് ആയമാരുടെ ആദ്യ ദിവസങ്ങളിലെ പെരുമാറ്റം. ഒരാഴ്ചയോളം വിവരം ഇവര്‍ ഇക്കാര്യം മറച്ചുവെച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ കുഞ്ഞിനെ കുളിപ്പിച്ചത് പ്രതികളായിരുന്നു. മുറിവിൽ വെള്ളം വീഴുമ്പോൾ വേദനകൊണ്ട് കുട്ടി നിലവിളിച്ചെങ്കിലും പ്രതികള്‍ അനങ്ങിയില്ല. ആഴ്ച ഡ്യൂട്ടി മാറി പുതിയ ആയയാണ് കുളിപ്പിക്കുമ്പോൾ കുട്ടി നിലവിളിക്കുന്നത് ശ്രദ്ധിച്ചതാണ് നിർണ്ണായകമായത്. സ്വകാര്യ ഭാഗത്തെ മുറിവുകൾ റിപ്പോര്‍ട്ട് ചെയ്യുന്നതും ഈ ആയ ആണ്
കുട്ടികളെ അടിച്ചതിന് നേരത്തെയും ഇതേ പ്രതികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ഇടത് രാഷ്ട്രീയബന്ധം കാരണം ജോലിയിൽ തുടരുകയായിരുന്നു.