കാമുകിക്ക് മുന്നിൽ ഹീറോയാകാൻ വേണ്ടി ഇൻസ്റ്റഗ്രാമിൽ തോക്കും പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. തോക്ക് പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ പൊലീസ് കണ്ടതോടെയാണ് പണി പാളിയത്. അനധികൃതമായി തോക്ക് കൈവശം വച്ചതിന് ഉൾപ്പെടെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡൽഹി ദക്ഷിൺപുരിയിലാണ് സംഭവം.
20കാരനായ ഹർഷ് ആണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളുടെ പേരിൽ പുലിവാല് പിടിച്ചത്. കയ്യിൽ തോക്ക് പിടിച്ച് നിൽക്കുന്ന ഹർഷിന്റെ ഫോട്ടോ ഡൽഹി സൗത്ത് ഡിസ്ട്രിക്ട് പൊലീസിന് കീഴിലുള്ള ആന്റി ഓട്ടോ തെഫ്റ്റ് സ്ക്വാഡിന്റെ ശ്രദ്ധയിൽ പെട്ടു. ഇതോടെ പൊലീസ് ഈ കാര്യത്തിന്മേൽ അന്വേഷണം ആരംഭിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന കുറ്റകൃത്യത്തിനോ ഉള്ള സാധ്യത കൂടി കണക്കിലെടുത്ത് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് പൊലീസ് ഇയാൾക്ക് വേണ്ടി അന്വേഷണം നടത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹർഷിനേയും ഇയാൾക്കൊപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മറ്റൊരാളെയും കസ്റ്റഡിയിൽ എടുത്തു. രണ്ട് നാടൻ തോക്കുകയും വെടിയുണ്ടകളുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ആയുധ നിയമത്തിലെ വകുപ്പുകൾ കൂടി ചേർത്താണ് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.