മലപ്പുറം: പന്തല്ലൂരിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന ആക്രമണം. ഉദ്യോഗസ്ഥർ വാഹനത്തിലിരിക്കുന്ന സമയത്തായിരുന്നു കാട്ടാന ആക്രമിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
പന്തല്ലൂരിലും സമീപ പ്രദേശങ്ങളിലും കാട്ടാനകളുടെ ശല്യം രൂക്ഷമാകുകയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് രാത്രി പരിശോധനയ്ക്കിറങ്ങിയതായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ. പിന്നാലെ വഴിയിൽ നിന്നിരുന്ന ഒറ്റയാനയുടെ മുന്നിൽപ്പെടുകയായിരുന്നു.
വാഹനം മുന്നോട്ടെടുക്കാതെ വഴിയരികിൽ ഒതുക്കി നിർത്തിയെങ്കിലും പ്രകോപിതനായ കൊമ്പനാന വാഹനത്തിന് നേരെ പാഞ്ഞടുക്കുകയും ജീപ്പ് തകർക്കാനും ശ്രമിച്ചു. തലനാരിഴയ്ക്കാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്. ആക്രമണത്തിൽ ജീപ്പിന്റെ ചില്ല് തകർന്നിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.