രോഗശാന്തി ചടങ്ങിനിടെ നൽകിയ പാനീയം കുടിച്ച് യുവനടിക്ക് ദാരുണാന്ത്യം. മെക്സിക്കൻ നടി മാർസെല അൽകാസർ റോഡ്രിഗസ്(33) ആണ് മരിച്ചത്. ഡിസംബർ 1-നാണ് സംഭവം.
ആമസോൺ വനാന്തരങ്ങളിൽ കാണുന്ന മങ്കി ഫ്രോഗിന്റെ വിഷം ചേർത്ത പാനീയമാണ് ഇവർ കുടിച്ചത്. തവളയുടെ ചർമ്മത്തിൽ മെഴുകിന്റെ രൂപത്തിലാണ് ഈ പദാർത്ഥം കാണപ്പെടുന്നത്. കാംബോ എന്നറിയപ്പെടുന്ന ഈ പാനീയം തെക്കേ അമേരിക്കയിലിലെ വിവിധ ഗോത്രങ്ങൾ രോഗശാന്തിക്കും ശരീര ശുദ്ധീക്കും വേണ്ടി ഉപയോഗിക്കാറുണ്ട്. ഇത് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഛർദ്ദിയിലൂടെയും കഠിനമായ വയറിളക്കത്തിലൂടെയും തീവ്രമായ ശുദ്ധീകരണം നടക്കുമെന്നാണ് ഇക്കൂട്ടരുടെ വിശ്വാസം.
കാംബോയുടെ കുടിച്ചതിന് പിന്നാലെ മാർസെലയുടെ ആരോഗ്യനില വഷളായി. മണിക്കൂറുകൾക്ക് ശേഷം സുഹൃത്തുക്കൾ പ്രാദേശിക റെഡ് ക്രോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. രോഗശാന്തി കേന്ദ്രത്തിനെതിരെ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കാംബോയുമായി ബന്ധപ്പെട്ട ആദ്യത്തെ മരണമല്ല ഇത്. കഴിഞ്ഞ വർഷം ഓസ്ട്രേലിയയിൽ സമാനരീതിയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അശാസ്ത്രീയമായ ചികിത്സകൾ പരീക്ഷിക്കുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാകുകയാണ് യുവനടിയുടെ മരണം. ലോകമെമ്പാടും ഇത്തരം പ്രവണതകൾ കൂടിവരികയാണ്. നാച്ചുറൽ എന്ന പേരിലുള്ള പല ഉൽപ്പന്നങ്ങളുടെയും അന്തരഫലങ്ങൾ കൃത്യമായ നിർണ്ണയിക്കപ്പെട്ടിട്ടില്ല. പ്രകൃതിയിലും ശരീരത്തിന് ഹാനികരമായ നിരവധി വസ്തുക്കളുണ്ട്. ഇതൊന്നും ശ്രദ്ധിക്കാതെയാണ് ഇതിന്റെ പിറകേ പോകുന്നത്.