കോഴിക്കോട്: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ബാലുശേരി അറപ്പീടികയിലാണ് അപകടമുണ്ടായത്. വട്ടോളിബസാർ സ്വദേശി നവൽ കിഷോറാണ് മരിച്ചത്. വട്ടോളിബസാറിൽ നിന്നും ബാലുശേരിയിലേക്ക് ബൈക്കിൽ പോവുകയായിരുന്നു യുവാവ്.
അറപ്പീടികയിലെ പോക്കറ്റ് റോഡായ ടി കെ റോഡിൽ നിന്നുമെത്തിയ കാർ
നവലിന്റെ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കാർ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചുവീണ നവലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
അപകടത്തിന് പിന്നാലെ നാട്ടുകാർ നവലിനെ ബാലുശേരി താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.