തിരുവനന്തപുരം: രാജഭരണകാലം മുതലുളള ആചാരങ്ങളുടെ ഭാഗമായി പ്രസിദ്ധമായ ക്ഷേത്രങ്ങളിലെ ചടങ്ങുകളിൽ പൊലീസിന്റെ ഗാർഡ് ഓണർ നൽകുന്നത് അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പ് നീക്കം. തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലടക്കം നിർദ്ദേശം ബാധകമാകും.
ഗാർഡ് ഓഫ് ഓണർ തുടരണമെങ്കിൽ അതിന്റെ ചിലവ് ക്ഷേത്രങ്ങൾ വഹിക്കണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. തിരുവനന്തപുരം ശ്രീവരാഹം ശ്രീകുന്നാണ്ടൻ മഹാഗണപതി ക്ഷേത്രത്തിലെ എഴുന്നളളിപ്പിന് ഗാർഡ് ഓഫ് ഓണർ നൽകുന്നത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സെപ്തംബർ അഞ്ചിന് യോഗം ചേർന്നിരുന്നു. ഈ യോഗത്തിലെ തീരുമാനമെന്ന രീതിയിലാണ് പൊലീസിന് നിർദ്ദേശം കൈമാറിയിരിക്കുന്നത്.
ഗാർഡ് ഓഫ് ഓണർ നൽകേണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ബിവി വിജയ് ഭാരത റെഡ്ഡിയും യോഗത്തിൽ നിലപാട് സ്വീകരിച്ചു. തുടർന്നാണ് നിർദ്ദേശം. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് ഇത് സംബന്ധിച്ച കത്ത് പൊലീസിന് നൽകിയിരിക്കുന്നത്. കത്ത് നിർദ്ദേശമായി പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയിട്ടുണ്ട്.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലടക്കം പതിറ്റാണ്ടുകളായി തുടരുന്ന സമ്പ്രദായമാണ് ഇതോടെ മുടങ്ങുക. നിലവിൽ ക്ഷേത്രങ്ങളിലെ എഴുന്നളളത്തിന് സുരക്ഷ ഒരുക്കുന്നതിനടക്കം പൊലീസിന്റെ ചിലവുകൾ മിക്ക ക്ഷേത്രങ്ങളിലും ക്ഷേത്ര ഭാരവാഹികളാണ് വഹിക്കുന്നത്.
രാജകുടുംബങ്ങൾ ക്ഷേത്രങ്ങൾ സർക്കാരിന് കൈമാറിയപ്പോൾ ഒപ്പുവെച്ച കരാറിൽ അതുവരെ പാലിച്ചുവന്ന ആചാരാനുഷ്ഠാനങ്ങൾക്ക് ഭംഗം വരുത്തരുതെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സുപ്രധാന ക്ഷേത്രങ്ങളിൽ എഴുന്നെളളത്തിന് പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ തുടർന്നുവന്നത്. ഇതിനാണ് ഇതോടെ മാറ്റം വരിക.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം കൂടാതെ തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്രം, തൃപ്രയാർ ശ്രീരാമക്ഷേത്രം, എറണാകുളം ശിവക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, തിരുവനന്തപുരം വെളളായണി ദേവീക്ഷേത്രം, തൃശൂർ ഊരകം അമ്മതിരുവടി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ ഈ സമ്പ്രദായം തുടർന്നുവരുന്നുണ്ട്.