പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുത്തു. ബസിന്റെ ഡ്രൈവർ നെന്മാറ സ്വദേശി കെ. ശിവരാമനെതിരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് കേസെടുത്തത്. റോഡിലെ കുഴിയിലിറങ്ങിയോടെ ബസിന്റെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് ശിവരാമൻ മൊഴി നൽകിയിരുന്നു.
അപകടമുണ്ടായ സാഹചര്യത്തെക്കുറിച്ച് കെഎസ്ആർടിസി ആഭ്യന്തര വിജിലൻസ് വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൊള്ളാച്ചിയിൽനിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും പാലക്കാട്ടുനിന്ന് കൊഴിഞ്ഞാമ്പാറയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടമുണ്ടായത്.
അപകടത്തിൽ സ്വകാര്യ ബസിന്റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാൾ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ അറുപതോളം യാത്രക്കാർക്കും പരിക്കേറ്റിരുന്നു.