ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ ആറ് മെഡിക്കൽ വിദ്യാർത്ഥികൾ മരണപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ സമയ നിയന്ത്രണം. ഒന്നാം വർഷ വിദ്യാർത്ഥികൾ രാത്രി ഏഴരയ്ക്കുളളിൽ ഹോസ്റ്റലിൽ എത്തണമെന്നാണ് നിർദ്ദേശം. മെഡിക്കൽ കോളേജ് പിടിഎ യോഗത്തിലാണ് തീരുമാനം. മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ രാത്രി സിനിമയ്ക്ക് പോകുന്നതിനിടെ കളർകോട് വെച്ച് വാഹനം നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു അപകടം
സമയക്രമീകരണത്തിൽ മാറ്റം വരുത്തിയ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ മറിയം വർക്കി പറഞ്ഞു. രാത്രി 9.30 ആയിരുന്നു നിലവിലത്തെ സമയക്രമം. ഏഴരയ്ക്ക് ശേഷം ഹോസ്റ്റലിൽ കയറണമെങ്കിൽ രക്ഷിതാക്കൾ വർഡന്മാരെ അറിയേക്കണ്ടതുണ്ട്. വിദ്യാർത്ഥികളെ പല ഗ്രൂപ്പുകളാക്കി തിരിച്ച് ആവശ്യമായ കൗൺസിലിംഗുകൾ നൽകുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.
ഹോസ്റ്റലിൽ സമയക്രമീകരണം വേണമെന്ന് പിടിഎ യോഗത്തിൽ മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. മെഡിക്കൽ കോളേജിന് ചുറ്റുമതിൽ നിർമിക്കാൻ എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിന് നൽകുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
കളർകോടുണ്ടായ അപകടത്തിൽ ആലപ്പുഴ എടത്വ സ്വദേശി ആൽബിൻ ജോർജ്, പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, കോട്ടയം സ്വദേശി ആയുഷ് ഷാജി, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് മരിച്ചത്.