പാലക്കാട്: പനയമ്പാടത്ത് നാല് വിദ്യാർത്ഥിനികളുടെ മരണത്തിനിയാക്കിയ അപകടസ്ഥലത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന. പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, നാഷണൽ ഹൈവെ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് തുടങ്ങീ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരിശോധനയുടെ ഭാഗമായി ഇന്ന് സ്ഥലത്തെത്തു. പ്രദേശവാസികളുടെ അഭിപ്രായം കൂടി കണക്കിലെടുത്തുകൊണ്ട് ആക്ഷൻപ്ലാൻ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ കളക്ടറേറ്റിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.
ആക്ഷൻപ്ലാൻ തയ്യാറാക്കിയ ശേഷം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സർക്കാർ തലത്തിലുള്ള തീരുമാനങ്ങൾ കൂടി ഉൾപ്പെടുത്തി നടപ്പിലാക്കും. അപകടമേഖലകളിൽ സ്പീഡ് ബ്രേക്കർ വയ്ക്കുന്നത് ആലോചിക്കും. സ്കൂൾ സമയങ്ങളിൽ സുരക്ഷയ്ക്ക് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരേയും വിന്യസിക്കും. പനയമ്പാടത്ത് കയറ്റം ഒഴിവാക്കി വളവ് നിവർത്തിയാലേ അപകടങ്ങൾക്ക് പരിഹാരമാകൂ എന്നാണ് പ്രദേശവാസികളും ജനപ്രതിനിധികളും പറയുന്നത്. ഈ കാര്യവും പരിഗണിക്കും.
അതേസമയം ഗതാഗതമന്ത്രി കെ ബി ഗണേശ്കുമാറും രാവിലെ 11.30ഓടെ അപകടസ്ഥലത്ത് സന്ദർശിക്കാൻ എത്തും. റോഡ് നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി മന്ത്രി നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് സന്ദർശനം. അപകടസ്ഥലം സന്ദർശിച്ച ശേഷം നാല് വിദ്യാർത്ഥിനികളുടെ വീടുകളിലും ഗണേശ്കുമാർ എത്തും.