ഭുവനേശ്വർ : നാടകത്തിനിടെ ഇരുമ്പ് ഗേറ്റ് തകർന്ന് 30 പേർക്ക് പരിക്കേറ്റു. ഒഡീഷയിലെ കട്ടക്ക് സലേപൂർ മേഖലയിലാണ് സംഭവം. നാടോടി നാടക പ്രദർശനം നടക്കുന്ന വേദിയുടെ ഗേറ്റാണ് തകർന്ന് വീണത് .
സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സലേപൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.
ഇവരിൽ ഗുരുതരമായി പരിക്കേറ്റ ആറുപേരെ കട്ടക്കിലെ എസ്സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഉയരമുള്ള ഇരുമ്പ് ഗേറ്റാണ് ജനങ്ങൾക്ക് മേൽ വീണത്. ജനക്കൂട്ടം തിക്കിതിരക്കി ഒരേസമയം അകത്തേക്ക് കടക്കാൻ ശ്രമിച്ചതാണ് ഗേറ്റ് തകരൻ ഇടയാക്കിയതെന്നാണ് സൂചന. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.