കൊൽക്കത്ത: ഭർതൃസഹോദരന്റെ പ്രണയാഭ്യർത്ഥന തള്ളിയ 30-കാരിയെ അതിക്രൂരമായി കൊലപ്പെടുത്തി. കഴുത്തുഞ്ഞെരിച്ച് കൊന്നതിന് ശേഷം തലയറുത്ത് മാറ്റുകയും മൃതശരീരം മൂന്ന് കഷ്ണങ്ങളാക്കി നുറുക്കി ചാക്കിലാക്കി തള്ളുകയുമായിരുന്നു. നടുക്കുന്ന ക്രൂരത സൗത്ത് കൊൽക്കത്തയിലാണ് നടന്നത്. സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലായ ആതിർ റഹ്മാൻ ലാസ്കർ (35), ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.
കെട്ടിടനിർമാണ തൊഴിലാളിയാണ് പ്രതി. വീട്ടുജോലികൾക്ക് പോകുന്ന ഖദീജ ബീബിയുടെ ഭർതൃസഹോദരനാണ് ഇയാൾ. ഇരുവരും ഒരേ പ്രദേശത്താണ് ജോലി ചെയ്തിരുന്നത്. രണ്ട് വർഷം മുൻപ് വിവാഹമോചിതയായ ഖദീജ ബീബിയെ കഴിഞ്ഞ ഏതാനും നാളുകളായി റഹ്മാൻ ശല്യം ചെയ്തിരുന്നു. ഇയാളെ ഒഴിവാക്കാൻ പലവിധത്തിൽ ശ്രമിച്ചെങ്കിലും നടന്നില്ല. ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയും ബന്ധം സ്ഥാപിക്കാൻ താത്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തോടെ റഹ്മാൻ പ്രകോപിതനായി.
ഇതോടെ കഴിഞ്ഞ വ്യാഴാഴ്ച ജോലി കഴിഞ്ഞ് വരികയായിരുന്ന ഖദീജ ബീബിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി കഴത്തുഞ്ഞെരിച്ച് കൊല്ലുകയായിരുന്നു. റഹ്മാൻ ജോലി ചെയ്യുന്ന കെട്ടിടത്തിലെത്തിച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി നുറുക്കി ചാക്കുകളിലാക്കി തള്ളി. വിവിധ സ്ഥലങ്ങളിലാണ് ചാക്കുകൾ ഉപേക്ഷിച്ചത്.
12 മണിക്കൂറിനുള്ളിൽ തന്നെ മൃതദേഹാവശിഷ്ടങ്ങൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം റഹ്മാനിലെത്തുകയും ചെയ്തു. പ്രതിയെ സൗത്ത് പർഗനാസിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.