വയനാട്: ചേകാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. പാലക്കാട് സ്വദേശി സതീഷിനാണ് പരിക്കേറ്റത്. ചന്ത്രോത്ത് വനമേഖലയിലായിരുന്നു കാട്ടാന ആക്രമണം. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
ചേകാടി പൊളന്ന എലിഫന്റ് വാലി റിസോർട്ടിലെ നിർമാണ തൊഴിലാളിയാണ് സതീഷ്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കടയിൽ സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതായിരുന്നു. ഇതിനിടെ വഴിയിൽ നിന്ന കാട്ടാന ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. തിരിഞ്ഞോടുന്നതിനിടെ ആന പുറകിൽ നിന്നും സതീഷിനെ എടുത്തെറിഞ്ഞു.
ആനയുടെ കൊമ്പ് വയറ്റിൽ തുളഞ്ഞു കയറിയാണ് പരിക്കേറ്റത്. തുടർന്ന് സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ആനയെ തുരത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സതീഷിനെ മാനന്തവാടി മെഡിക്കൽ കോളേജിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.