എറണാകുളം: വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ക്രാപ്പ് വ്യാപാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തൽ. കാക്കനാട് സ്വദേശി സലീമിന്റെ മരണമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ ബിഹാർ സ്വദേശികളായ കൗശൽകുമാർ, ഭാര്യ അസ്മിത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച സലീമിന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നു അസ്മിത. മരണത്തിൽ സംശയം തോന്നിയ പൊലീസ് അസ്മിതയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ജോലി ചെയ്തതിന്റെ ശമ്പളവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ അസ്മിതയും സലീമും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ തലയിടിച്ച് തറയിൽ വീണ സലീമിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചെന്ന് ബോധ്യപ്പെട്ടതോടെ വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങൾ കൈക്കലാക്കി പ്രതികൾ മുങ്ങുകയായിരുന്നു.
സലീമിന്റെ മൃതദേഹത്തിൽ മറ്റ് പരിക്കുകൾ ഉണ്ടായിരുന്നില്ല. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. അന്വേഷണ സംഘം പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
സലീമിന്റെ വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങൾ കാണാതായതാണ് കേസിൽ വഴിത്തിരിവായത്. 3,500 രൂപയടങ്ങുന്ന പേഴ്സും സ്വർണമോതിരങ്ങളും ചെമ്പുനാണയങ്ങളും ഒരു മൊബൈൽ ഫോണും ഉൾപ്പെടെ എട്ട് ലക്ഷം രൂപയുടെ സാധനങ്ങളാണ് കാണാതായത്. സാധനങ്ങൾ കാണാതായതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. കൃത്യത്തിന് ശേഷം ബിഹാറിലേക്ക് കടന്ന പ്രതികളെ തന്ത്രപരമായാണ് പൊലീസ് പിടികൂടിയത്.