യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതി വൻ വിജയമെന്ന് താമസകുടിയേറ്റ വകുപ്പ് മേധാവി മുഹമ്മദ് അഹമദ് അൽ മറി. പ്രവാസികൾക്കായി നൽകിയ ഏറ്റവും വലിയ നന്മയാണ് പൊതുമാപ്പ്. പതിനായിരങ്ങളാണ് പദ്ധതി പ്രയോജനപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ദുബായിലെ അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിൽ മാദ്ധ്യമപ്രവർത്തകർക്കായി നടത്തിയ പരിപാടിയിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.
അനധികൃതമായി യുഎഇയിൽ താമസിക്കുന്നവർക്ക് പിഴയോ, യാത്രവിലക്കോ കൂടാതെ രാജ്യം വിടുന്നതിനോ താമസപദവി നിയമപരമാക്കി രാജ്യത്ത് തുടരുന്നതിനോ അവസരമൊരുക്കാനാണ് പൊതുമാപ്പ് പദ്ധതി പ്രഖ്യാപിച്ചത്. സെപ്റ്റംബർ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. രണ്ട് മാസത്തേയ്ക്ക് ആരംഭിച്ച പൊതുമാപ്പ് പിന്നീട് രണ്ട് മാസത്തേയ്ക്ക് കൂടി നീട്ടുകയായിരുന്നു. കാലാവധിക്ക് ശേഷം ജനുവരി ഒന്നു മുതൽ രാജ്യത്ത് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താൻ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.
പൊതുമാപ്പ് കാലാവധിക്ക് ശേഷം പരിശോധനകൾ ശക്തമാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കാലാവധിക്കുള്ളിൽ താമസരേഖകൾ നിയമവിധേയമാക്കിയില്ലെങ്കിൽ കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരും. ആമർ സെന്ററുകൾ കൂടാതെ, എംബസികളും ദുബായ് ഇന്ത്യൻ കോൺസുലേറ്റും പൊതുമാപ്പ് നടപടികൾ പൂർത്തീകരിക്കാനുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.