ശ്രീനഗർ: കശ്മീരിലെ അതിർത്തി മേഖലയിൽ നിന്ന് ആയുധങ്ങളും മയക്കുമരുന്നും കണ്ടെടുത്തു. അതിർത്തി സുരക്ഷാ സേനയും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവ കണ്ടെത്തിയത്. കുപ്വാരയിലെ അംരോഹി പ്രദേശത്താണ് പരിശോധന നടത്തിയത്.
സ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും മയക്കുമരുന്നും കണ്ടെടുത്തതായി കശ്മീർ പൊലീസ് അറിയിച്ചു. പ്രത്യേക രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാല് പിസ്റ്റളുകൾ, ആറ് പിസ്റ്റൾ മാഗസിനുകൾ, നാല് കിലോഗ്രാം മയക്കുമരുന്ന് എന്നിവയാണ് കണ്ടെടുത്തത്. ഇവ കശ്മീർ പൊലീസിന് കൈമാറിയിട്ടുണ്ട്.
ഒരാഴ്ച മുമ്പ് കുപ്വാര ജില്ലയിലെ ബാരാമുള്ളയിൽ നിന്ന് അതിർത്തി സുരക്ഷാ സേന സ്ഫോടക വസ്തുക്കൾ കണ്ടെടുത്തിരുന്നു. സൈന്യത്തിന്റെ ചിനാർ കോർപ്സ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. തുടർന്ന് ഇവ നിർവീര്യമാക്കുകയായിരുന്നു.