കോഴിക്കോട്: വീട് നിർമാണത്തിനിടെ രണ്ടാം നിലയിൽ നിന്ന് കിണറ്റിലേക്ക് വീണ് തൊഴിലാളി മരിച്ചു. കോഴിക്കോട് വടകരയിലാണ് സംഭവം. വടകര സ്വദേശി ജയരാജാണ് മരിച്ചത്. ഉച്ചയോടെയാണ് അപകടമുണ്ടായത്.
വീടിന്റെ രണ്ടാം നിലയിലെ ഭിത്തി കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. വീടിന്റെ തട്ട് കെട്ടിയ ശേഷം അതിന്റെ മുകളിൽ നിന്ന് ജോലി ചെയ്യുകയായിരുന്നു ജയരാജ്. ഇതിനിടെ കാൽവഴുതി താഴെയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.
ജയരാജിനെ കൂടാതെ നാല് തൊഴിലാളികൾ മാത്രമാണ് ജോലിസ്ഥലത്ത് ഉണ്ടായിരുന്നത്. ഇവർ വിവരമറിയിച്ചതോടെ പൊലീസും അഗ്നിരക്ഷാ സേനയും എത്തി ജയരാജിനെ കിണറ്റിൽ നിന്ന് പുറത്തെടുത്തു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.