ശ്രീനഗർ: വ്യാഴാഴ്ച സൈന്യം വധിച്ച അഞ്ച് ഭീകരരിൽ മുതിർന്ന ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനുമുണ്ടെന്ന് സ്ഥിരീകരണം. ഹിസ്ബുൾ മുജാഹിദ്ദീന്റെ ഓപ്പറേഷണൽ ചീഫും സീനിയർ കമാൻഡറുമായ ഫാറൂഖ് അഹമദ് ഭട്ട് എന്ന നാലിയെയാണ് സൈന്യം വകവരുത്തിയത്.
A++ കാറ്റഗറിയിൽപെടുന്ന ഭീകരനായിരുന്നു നാലി. ജമ്മു കശ്മീരിൽ തുടർച്ചയായി ഭീകര പ്രവർത്തനങ്ങൾ നടത്തിയിരുന്ന നാലിയുടെ അഭാവം നിരോധിത സംഘടനയെ ദുർബലപ്പെടുത്തുമെന്ന് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.
കുൽഗാമിൽ നിന്നുള്ള 27-കാരൻ ആദിൽ ഹുസൈൻ, 37-കാരൻ മുഷ്താഖ് അഹമദ്, യാരിപ്പോരയിൽ നിന്നുള്ള 28-കാരൻ മുഹമ്മദ് ഇർഫാൻ , ജാവിദ് അഹമ്മദ് ഭട്ട് എന്നിവരെയാണ് സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ വധിച്ചത്. തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ട ഭീകരരെയാണ് കൂട്ടത്തോടെ തുടച്ചുനീക്കിയത്.
കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവർ ചികിത്സയിൽ തുടരുകയാണ്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് തെരച്ചിൽ ആരംഭിച്ചതെന്ന് തെക്കൻ കശ്മീരിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ജാവിദ് ഇക്ബാൽ പറഞ്ഞു. പിന്നാലെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
പ്രത്യാക്രമണത്തിലാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്ന് എകെ 47 റൈഫിളുകൾ, 20 മാഗസീനുകൾ, രണ്ട് ഹാൻഡ് ഗ്രനേഡുകളും സ്ഫോടകവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.