പത്തനംതിട്ട : ശബരിമലയ്ക്കായി ടിവി ചാനൽ ആരംഭിക്കാനുള്ള നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ചാനൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചില സംരംഭകർ താൽപര്യം അറിയിച്ച് രംഗത്ത് വന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.
തിരുപ്പതി മോഡലിൽ വാർത്ത സംവിധാനം സജ്ജമാക്കുന്നതിനെ സംബന്ധിച്ചാണ് ആലോചിക്കുന്നത്.ശബരിമലയിലേയ്ക്ക് ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്നത് തമിഴ്നാട്, കർണാടക, ആന്ധ്ര, തെലുങ്കാന എന്നിവ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുമാണ് . ഇവിടങ്ങളിലെ വമ്പൻ കമ്പനികളിൽ നിന്നുള്ള കോടികളുടെ പരസ്യ വരുമാനവും ചാനൽ മുഖേനെ ബോർഡ് പ്രതീക്ഷിക്കുന്നുണ്ട്.
ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങളും വാർത്തകളും ലോകമെമ്പാടുമുള്ള ഭക്തരിലേക്ക് നേരിട്ട് എത്തിക്കാനും, മണ്ഡല – മകരവിളക്ക് കാലയളവിലും മാസപൂജ വേളകളിലും അടക്കം ശബരിമലയിലെ വിശേഷങ്ങളും പ്രധാന പൂജകളും ഭക്തരിലേക്ക് അടക്കം എത്തിക്കുക എന്നതാണ് ചാനൽ കൊണ്ട് ബോർഡ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്.