ഇടുക്കി: കുമളിയിൽ അഞ്ച് വയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവർ കുറ്റക്കാരെന്ന് കോടതി വിധിച്ചു. തൊടുപുഴ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. സംഭവം നടന്ന് 11 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.
പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കോടതി വിധിയിലൂടെ ഷെഫീഖിന് നീതി കിട്ടിയെന്ന് കുട്ടിയെ പരിചരിച്ച നഴ്സ് രാഗിണി പ്രതികരിച്ചു. പട്ടിണിക്കിട്ടും ക്രൂരമായി മർദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നതാണ് കേസ്.
2013 ജൂലൈ 13-നായിരുന്നു കേസിനാസ്പദമായ സംഭവം. അച്ഛന്റെയും രണ്ടാനമ്മയുടെയും മർദ്ദനത്തെ തുടർന്ന് കുട്ടിയുടെ ശരീരം തളർന്നിരുന്നു. കേസിൽ ദൃക്സാക്ഷികൾ ഇല്ലാതിരുന്നതിനാൽ മെഡിക്കൽ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും സഹായത്തോടെയാണ് പ്രോസിക്യൂഷൻ വാദം പൂർത്തിയാക്കിയത്.
മർദ്ദനത്തിൽ തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളർച്ചയെ സാരമായി ബാധിച്ചിരുന്നു. കുട്ടിക്ക് സ്വന്തമായി ഒന്നും ചെയ്യാനാകില്ല. ജീവിതാവസാനം വരെ മരുന്ന് കഴിക്കേണ്ട അവസ്ഥയാണുള്ളത്. കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ഷെഫീഖിനെ നോക്കുന്നതെന്ന് രാഗിണി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.