പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചങ്ങനാശേരി സ്വദേശിയായ ബാബുവാണ് മരിച്ചത്. ചാലക്കയം- പമ്പ റോഡിലാണ് അപകടമുണ്ടായത്. ആറംഗ സംഘം സഞ്ചരിച്ച വാഹനമാണ് ഉച്ചയോടെ അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ ബാബുവിന്റെ മകൾ ആരുഷി, ശശി, അർജുൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കാർ ഡ്രൈവറെയും മറ്റൊരു തീർത്ഥാടകനെയും നിലയ്ക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം നിലയ്ക്കലിൽ തീർത്ഥാടകന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയ സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് ഇന്ന് വീണ്ടുമൊരു അപകട വാർത്ത വരുന്നത്. തമിഴ്നാട് സ്വദേശിയായ 25 കാരനാണ് ഇന്നലെയുണ്ടായ അപകടത്തിൽ ദാരുണമായി മരിച്ചത്. ദർശനത്തിന് ശേഷം നിലയ്ക്കൽ പാർക്കിംഗ് ഏരിയയിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.