വാഷിംഗ്ടൺ: ഒക്ടോബറിനെ ഹിന്ദു പൈതൃക മാസമായി പ്രഖ്യാപിക്കാനുള്ള ബില്ലിന് അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് അസംബ്ലി അംഗീകാരം നൽകി.
നവരാത്രി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ഒക്ടോബറിനെ ഹിന്ദു പൈതൃക മാസമായി അംഗീകരിക്കാനുള്ള നീക്കത്തിന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനാണ് നേതൃത്വം നൽകുന്നത്. ജോർജിയയുടെ സംസ്ഥാന ഗവർണർ കഴിഞ്ഞ വർഷം ഒക്ടോബർ ഹിന്ദു പൈതൃക മാസമായി പ്രഖ്യാപിച്ചിരുന്നു.
ഇതിനു പിന്നാലെ ഒഹായോ സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഇന്ത്യൻ വംശജനായ ഹിന്ദു സെനറ്ററായ നീരജ് അന്താനി , ഹിന്ദു സംഘടനകൾക്കൊപ്പം, തന്റെ സംസ്ഥാനത്തും ഹിന്ദു പൈതൃക മാസത്തിന് അംഗീകാരം ലഭിക്കാൻ നടപടി സ്വീകരിച്ചു. അതിന്റെ ഭാഗമായി ഒക്ടോബറിനെ ഹിന്ദു പൈതൃക മാസമായി പ്രഖ്യാപിക്കുന്നതിനുള്ള ബിൽ ഒഹായോ സ്റ്റേറ്റ് അസംബ്ലിയിൽ ഇന്നലെ അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തു. ഇനി ഗവർണ്ണറുടെ അംഗീകാരവും കൂടി ലഭിച്ചാൽ ഒക്ടോബറിൽ ഹിന്ദുമതത്തിന്റെ പൈതൃകവും സംസ്കാരവും ആത്മീയ പാരമ്പര്യവും ഉയർത്തിക്കാട്ടി സർക്കാർ ആഘോഷങ്ങൾ സംഘടിപ്പിക്കും.
അമേരിക്കയിൽ 30 ലക്ഷത്തിലധികം ഹിന്ദു ജനസംഖ്യയുണ്ട് . പലരും രാജ്യത്തിന്റെ സെനറ്റിലും അംഗങ്ങളാണ്. ഇവിടെ എല്ലാ ഹൈന്ദവ ആഘോഷങ്ങളും ഗംഭീരമായി ആഘോഷിക്കപ്പെടുന്നു.