തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവ് വിധിച്ച് കോടതി. തടവുശിക്ഷ കൂടാതെ നാല് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഒറ്റശേഖരമംഗലം സ്വദേശി പ്രശാന്തിനെയാണ് കോടതി ശിക്ഷിച്ചത്. നെയ്യാറ്റിൻകര പോക്സോ കോടതി ജഡ്ജി കെ പ്രസന്നയാണ് ശിക്ഷ വിധിച്ചത്.
സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകിയാണ്
പ്രതി പീഡിപ്പിച്ചത്. വിദ്യാർത്ഥിനിയെ ഇയാൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ ആര്യംകോട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ഇൻസ്പെക്ടർമാരായ ജെ മോഹൻദാസ്, പി എം രവിന്ദ്രൻ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് 17 സാക്ഷികളെയും കേസുമായി ബന്ധപ്പെട്ട 18 രേഖകളും ഹാജരാക്കിയിരുന്നു.