പത്തനംതിട്ട: ഓട്ടം കഴിഞ്ഞ് മുറ്റത്ത് നിർത്തിയിട്ട കാറിന് തീപിടിച്ചു. പാലാ ഇളംകുളം സ്വദേശിയായ കൊല്ലംപറമ്പിൽ ജോജിയുടെ കാറിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ റാന്നി പാറേക്കടവിലാണ് സംഭവം. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീയണച്ചതിനാൽ കാർ പൂർണമായും കത്തി നശിച്ചില്ല.
റാന്നി ഇടമുറി പാറേക്കടവ് ആലപ്പാട്ട് ജോയിയുടെ വീട്ടിൽ എത്തിയതായിരുന്നു ജോജി. യാത്രക്കാർ ഇറങ്ങിയതിന് പിന്നാലെ എൻജിൻ ഭാഗത്തുനിന്നും പുക ഉയരുകയായിരുന്നു. കാറിന്റെ എൻജിൻ ഭാഗം ഭാഗികമായി ഏതാണ്ട് കത്തിനശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.