ന്യൂയോർക്ക്; ആദ്യ അന്താരാഷ്ട്ര ധ്യാന ദിനത്തിന് (വേൾഡ് മെഡിറ്റേഷൻ ഡേ) ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ തുടക്കം കുറിച്ചു. ലോകജനതയിൽ മാനസീകാരോഗ്യം കുറഞ്ഞുവരുന്നതും പിരിമുറുക്കം വർദ്ധിച്ചുവരുന്നതും കണക്കിലെടുത്താണ് ഇത് നേരിടാനുള്ള മാർഗമായി ഡിസംബർ 21 ഐക്യരാഷ്ട്രസഭ ലോക ധ്യാനദിനമായി ആചരിച്ചത്. ഇതിന്റെ ഭാഗമായി ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിൽ നിന്നാണ് ഓൺലൈനായും നേരിട്ടും ഗുരുദേവ് ധ്യാനം നയിച്ചത്.
8.5 മില്യനിലേറെ ആളുകളാണ് പങ്കെടുത്തത്. പരിപാടി ഗിന്നസ് റെക്കോർഡിലും ഇടംപിടിച്ചു. 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ യൂട്യൂബ് പ്രേക്ഷകർ ഉണ്ടായിരുന്ന ഏറ്റവും കൂടുതൽ രാജ്യങ്ങൾ പങ്കെടുത്ത ഓൺലൈൻ ധ്യാനം എന്ന നേട്ടവും പരിപാടി സ്വന്തമാക്കി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ ധ്യാനത്തിന്റെ ഭാഗമായി.
ഡിസംബർ 20 ന് ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ മുഖ്യപ്രഭാഷണം നടത്തി. പണ്ട് കരുതിയിരുന്നതുപോലെ, ഇന്ന് ധ്യാനം ഒരു ആഡംബരമല്ലെന്നും അതൊരു അത്യാവശ്യമാണെന്നും ഗുരുദേവ് ചൂണ്ടിക്കാട്ടി. ധ്യാനം മനസ്സിന്റെ ശുചിത്വമാണ്. ദന്ത ശുചിത്വം പോലെയാണ് മനസ്സിന്റെ ശുചിത്വവും.
ധ്യാനം നമ്മളെ കൂടുതൽ കേന്ദ്രീകൃതരാകാനും ആക്രമണസ്വഭാവവും വിഷാദവും അകറ്റാനും സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. ഒരു വശത്ത് നമ്മുടെ യുവജനങ്ങൾ, ആക്രമണസ്വഭാവത്തിന്റെ പിടിയിലാണ്. മറുവശത്ത് വിഷാദരോഗവുമാണ്. ധ്യാനം നമ്മളെ കൂടുതൽ കേന്ദ്രീകൃതരാകാൻ സഹായിക്കുന്നു. അത് നമ്മളിൽ വിവേകവും( Sensibility ), സംവേദനക്ഷമതയും (Sensitivity ), സൃഷ്ടിക്കുന്നു. ഇവ രണ്ടും സംസ്കാരമുള്ള ഏത് സമൂഹത്തിനും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചുറ്റുപാടുകളെക്കുറിച്ച് അവബോധം ഉണ്ടാകാൻ ധ്യാനം സഹായിക്കുന്നതായും അദ്ദേഹം പറഞ്ഞു. അത് നമ്മളെ ചുറ്റുമുള്ള ആളുകളുടെ വികാരങ്ങളെക്കുറിച്ച് അവബോധമുള്ളവരാക്കും. അവരവർക്കും, മറ്റുള്ളവർക്കും ഉപദ്രവകരമായ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് അകന്നു നിൽക്കാനും ധ്യാനം സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹരീഷ് പർവ്വതനേനി, ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി പ്രസിഡന്റ് ഫിലെമോൺ യാങ്, അണ്ടർ സെക്രട്ടറി ജനറൽ അതുൽ ഖാരെ, സ്ഥിരം പ്രതിനിധികൾ, നയതന്ത്ര സേനാംഗങ്ങൾ, മറ്റു പ്രമുഖ വ്യക്തികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
കേരളത്തിൽ ആയിരത്തിലധികം സ്ഥലങ്ങളിലായി ഒരു ലക്ഷത്തിലധികം പേർ സമൂഹ ധ്യാനത്തിൽ പങ്കെടുത്തിരുന്നു. തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം, അയ്യങ്കാളി സ്മാരകം, കാലടി ശങ്കര മഠം, തൃശ്ശൂർ തേക്കിൻകാട് മൈതാനം തുടങ്ങിയ സ്ഥലങ്ങളിൽ സമൂഹധ്യാനം സംഘടിപ്പിച്ചിരുന്നു.