കോഴിക്കോട്: വിവിധ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. മഹാരാഷ്ട്ര വഡാല സ്വദേശി നസീം ഖാൻ ആണ് കോഴിക്കോട് കസബ പൊലീസിന്റെ പിടിയിലായത്. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ മോഷ്ടിച്ചതെന്നും കവർന്ന പണം പലതവണയായി ഒരു അക്കൗണ്ടിലേക്ക് അയക്കുന്നതായി കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.
പുതിയറ കാളൂർ ദേവി ക്ഷേത്രം, വേട്ടക്കൊരു മകൻ ക്ഷേത്രം, മുതലക്കുളത്തെ പൊലീസ് അമ്പലം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളിൽ പ്രതി മോഷണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പൊലീസിന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട് മുതലക്കുളത്തെ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ മോഷണം നടത്തിയതും ഇയാൾ തന്നെയായിരുന്നു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുക എന്നതായിരുന്നു പ്രതിയുടെ ശീലം.
മോഷണത്തിനായി തിരഞ്ഞെടുക്കുന്ന ക്ഷേത്രങ്ങളിൽ എത്തി നീരീക്ഷിച്ചതിന് ശേഷമാണ് കവർച്ച. പ്രത്യേക രീതിയിൽ വസ്ത്രം ധരിച്ചായിരുന്നു മോഷണം. ഇയാൾക്ക് പിന്നിൽ വൻ സംഘം ഉണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതിയിൽ നിന്ന് കണ്ടെത്തിയ സൈക്കിളും മോഷണമുതലാണ്.