ഇസ്ലാമാബാദ്: പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തതിന് 60 സിവിലിയന്മാരെ കൂടി ശിക്ഷിച്ച് പാക് സൈനിക കോടതികൾ. കഴിഞ്ഞ വർഷം മെയ് 9 ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പാകിസ്താനിൽ അറസ്റ്റ് ചെയ്തതിനെ തുടർന്ന് നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത അദ്ദേഹത്തിന്റെ അനുയായികൾ ആണ് ശിക്ഷിക്കപ്പെട്ടത്.
അക്രമാസക്തമായ പ്രതിഷേധത്തിൽ സൈനിക പോസ്റ്റുകളും സൈനിക ആസ്ഥാനങ്ങളും ആക്രമിക്കപ്പെട്ടതായി സർക്കാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകൾ വിചാരണ ചെയ്ത സൈനിക കോടതികൾ സുപ്രീം കോടതിയുടെ അനുമതിയെ തുടർന്നാണ് വിധി പ്രസ്താവിച്ചത്. കഴിഞ്ഞയാഴ്ചയും 25 പേർക്ക് രണ്ടു മുതൽ 10 വർഷം വരെ തടവുശിക്ഷ വിധിച്ചിരുന്നു. ഈ കേസിൽ 60 പേർക്ക് കൂടി 2 വർഷം മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിച്ചതായി സൈന്യം അറിയിക്കുകയായിരുന്നു.
ലാഹോർ കോർപ്സ് കമാൻഡറുടെ ഔദ്യോഗിക വസതിയായ ജിന്ന ഹൗസിനു നേരെയുണ്ടായ ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 10 വർഷത്തെ കഠിന തടവിന് വിധിക്കപ്പെട്ട ഇമ്രാൻ ഖാന്റെ അനന്തരവൻ ഹസൻ ഖാൻ നിയാസിയാണ് കുറ്റവാളികളുടെ പട്ടികയിൽ ഒന്നാമൻ.
സൈനിക സ്ഥാനങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ഉൾപ്പെട്ട 100 ലധികം പ്രതികളെ സൈനിക നിയമപ്രകാരം ചോദ്യം ചെയ്യുന്നതിനായി
കഴിഞ്ഞ വർഷം സർക്കാർ സൈനിക അധികാരികൾക്ക് കൈമാറിയിരുന്നു. ഈ വിധികളോടെ മേയ് ഒമ്പതിലെ അക്രമവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം പൂർത്തിയായി എന്ന് പറയപ്പെടുന്നു. ഭരണഘടനയും നിയമവും അനുസരിച്ച് എല്ലാ കുറ്റവാളികൾക്കും അപ്പീൽ നൽകാൻ അവകാശമുണ്ടെന്നും സൈന്യം അവകാശപ്പെടുന്നു.
സിവിലിയന്മാരെ സൈനിക കോടതികളിൽ വിചാരണ ചെയ്യുന്നത് സാധാരണ ജനാധിപത്യ രാജ്യങ്ങളിൽ നടപ്പില്ലാത്ത കീഴ്വഴക്കമാണ്. സിവിലിയൻമാരുടെ സൈനിക വിചാരണയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജികൾ കാരണം, സൈനിക കോടതികൾ അവരുടെ വിധി പ്രഖ്യാപിക്കുന്നത് വൈകുകയായിരുന്നു. അതിനിടെ സൈനിക കോടതികളിൽ വിചാരണ പൂർത്തിയായ കേസുകളിൽ വിധി പറയാൻ സുപ്രീം കോടതി അനുമതി നൽകി.