തിരുവനന്തപുരം: തിരുവനന്തപുരത്തെ മണക്കാട് പലസ്തീൻ അനുകൂല പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഇഖ്ബാൽ എന്നയാളെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ബംഗ്ലാദേശ് സ്വദേശിയാണെന്നാണ് പൊലീസിന്റെ സംശയം. മണക്കാട് ജൂപ്പിറ്റർ ജങ്ഷനിൽ ആണ് പോസ്റ്റർ ഒട്ടിച്ചത്.
ഹിന്ദു മത വിശ്വാസിയായ സ്ത്രീക്ക് ആദരാഞ്ജലികൾ അർപ്പിച്ചുള്ള പോസ്റ്ററിന് മുകളിൽ ‘പ്രേ ഫോർ പലസ്തീൻ’ എന്നാണ് എഴുതിയത്. ’ഇന്ത്യയിലെ മുസ്ലീം ആരാധനാലയങ്ങൾ അനാവശ്യമായി തകർക്കുന്നുവെന്നും’പോസ്റ്ററിൽ എഴുതിയിരുന്നു. കമലേശ്വരം ഭാഗത്തും പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. മണക്കാട്ടെ ഒരു ഹോട്ടലിൽ പാചക തൊഴിലാളിയായി ജോലി ചെയ്യുകയാണ് പ്രതി. ഇയാളുടെ ബംഗ്ലാദേശ് പശ്ചാത്തലം കണ്ടെത്തുന്നതിനായി പൊലീസിൽ നിന്നും എൻഐഎ വിവരങ്ങൾ ശേഖരിച്ചു. ബംഗ്ലാദേശ് സ്വദേശിയാണെന്ന് കണ്ടെത്തിയാൽ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.
മുൻപ് അസം പൊലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (STF) കാസർകോട് കാഞ്ഞങ്ങാട് നിന്നും പിടികൂടിയ ബംഗ്ലാദേശ് പൗരനായ യുവാവിന് അൽ ഖ്വായ്ദ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഷാബ് ഷെയ്ഖ് എന്നയാളാണ് കാഞ്ഞങ്ങാട് നിന്ന് പിടിയിലായത്. ഇവിടെ ഇതരസംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിച്ച് പെയിന്റിംഗ്, കോൺക്രീറ്റ് ജോലികൾ ചെയ്തുവരികയായിരുന്നു ഇയാൾ. അൻസാറുളള ബംഗ്ലാ ടീം തലവൻ ജസിമുദ്ദീൻ റഹ്മാനിയുടെ അടുത്ത അനുയായി ഫർഹാൻ ഇസ്രാക്കിന്റെ നിർദ്ദേശപ്രകാരമാണ് ഇയാൾ ഇന്ത്യയിലെത്തിയതെന്നാണ് അസം പൊലീസ് വെളിപ്പെടുത്തുന്നത്.