ലക്നൗ: അമ്മയേയും സഹോദരിമാരെയും കൊലപ്പെടുത്തി യുവാവ്. പുതുവർഷത്തലേന്ന് കുടുംബാംഗങ്ങളെ ഹോട്ടലിൽ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാതാവിനെയും നാല് സഹോദരിമാരെയുമാണ് 24-കാരൻ കൊലപ്പെടുത്തിയത്. സംഭവത്തിൽ അർഷാദ് എന്ന യുവാവ് അറസ്റ്റിലായി. കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ആഗ്രയിൽ നിന്നുള്ള കുടുംബത്തെ ലക്നൗവിലെ ഹോട്ടലിൽ എത്തിച്ചായിരുന്നു കൂട്ടക്കൊല ചെയ്തത്.
കൈത്തണ്ടയിൽ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ ഹോട്ടൽ മുറിയിൽ കിടന്നിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷമായിരുന്നു കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ചിലരെ കഴുത്തുഞെരിച്ചും മറ്റ് ചിലരെ ബ്ലേഡ് ഉപയോഗിച്ച് വരിഞ്ഞുമാണ് കൊലപ്പെടുത്തിയത്. കൂട്ടക്കുരുതിക്ക് ശേഷം അർഷാദ് സെൽഫി വീഡിയോ ഷൂട്ട് ചെയ്തിരുന്നു.
അർഷാദിന്റെ മാതാവ് അസ്മ, 9, 16, 18, 19 വയസുള്ള സഹോദരിമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ആഗ്രയിൽ നിന്നുള്ള കുടുംബം ഡിസംബർ 30 മുതൽ ലക്നൗവിലെ ഹോട്ടലിൽ താമസിച്ച് വരികയായിരുന്നു. കുടുംബത്തിന് ആഗ്രയിലുള്ള സ്വത്തുക്കളിൽ അയൽവീട്ടുകാർക്ക് നോട്ടമുണ്ടെന്നും സഹോദരിമാരെ ഹൈദരാബാദിലേക്ക് വിൽക്കാനുള്ള ശ്രമങ്ങൾ ചിലർ നടത്തുന്നുണ്ടെന്നുമാണ് വീഡിയോയിൽ അർഷാദ് പറയുന്നത്. കുടുംബത്തിന്റെ ദുർഗതി കണ്ട് മനംനൊന്താണ് അമ്മയേയും സഹോദരിമാരെയും കൊലപ്പെടുത്തിയതെന്നും അവരെ മറ്റാരും ഉപദ്രവിക്കാതിരിക്കാൻ വേണ്ടിയാണ് ഇല്ലാതാക്കിയതെന്നും അർഷാദ് പറയുന്നു.
അഞ്ച് പേരെയും കൊല്ലുന്നതിന് മുൻപ് ഇവർക്ക് മദ്യം നൽകിയിരുന്നതായാണ് പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ അർഷാദിന്റെ പിതാവ് ബാദറിന് പങ്കുണ്ടെന്ന സംശയവും പൊലീസ് മുന്നോട്ടുവെക്കുന്നുണ്ട്. ബാദർ ഒളിവിലാണ്.