കൊച്ചി: ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് വീണ് മെഡിക്കൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. എറണാകുളം പറവൂർ ചാലാക്ക എസ്എൻഐഎംഎസ് (ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) കോളേജിന്റെ ഹോസ്റ്റലിൽ ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം.
രണ്ടാം വർഷ വിദ്യാർത്ഥി ഫാത്തിമത്ത് ഷഹാന (21) ആണ് മരിച്ചത്. കണ്ണൂർ സ്വദേശിനിയാണ്. അഞ്ചാം നിലയിലിലെ മുറിയിലായിരുന്നു ഫാത്തിമത്ത് താമസിച്ചിരുന്നത്. സുഹൃത്തുക്കൾക്കൊപ്പം ഏഴാം നിലയിൽ എത്തുകയായിരുന്നു. കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന ഹെഡ്ഫോണോ മൊബൈലോ മറ്റോ വീണുപോയത് എടുക്കാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ കൃത്യമായ വിവരങ്ങൾ പൊലീസിൽ നിന്ന് ലഭിച്ചിട്ടില്ല.
നെഞ്ചോളം ഉയരത്തിൽ കമ്പി കൈവരികൾ ഉണ്ടായിരുന്നതിന് മുകളിലൂടെയാണ് കുട്ടി താഴേക്ക് വീണത്. കൈവരിക്ക് മുകളിൽ കയറാതെ താഴേക്ക് വീഴില്ല. പെട്ടന്ന് ആരും ഇറങ്ങാൻ സാദ്ധ്യതയില്ലാത്ത ഇടഭാഗം ആയതിനാൽ തറയിൽ ജിപ്സംബോർഡ് വച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇത് തകർന്നാണ് ഫാത്തിമത്ത് താഴേക്ക് വീണത്. പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കി. 2023 ബാച്ച് വിദ്യാർത്ഥിനിയായിരുന്നു ഫാത്തിമത്ത്.