ന്യൂഡൽഹി: ബിജെപി മുൻ അദ്ധ്യക്ഷൻ മുരളി മനോഹർ ജോഷിയുടെ 91-ാം ജന്മദിനത്തിൽ വിവിധനേതാക്കൾ അദ്ദേഹത്തിന് ആശംസകൾ നേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി , കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മറ്റ് ബിജെപി നേതാക്കൾ എന്നിവർ അദ്ദേഹത്തെ ആശംസകൾ അറിയിച്ചു.
കോടിക്കണക്കിന് ബി.ജെ.പി അംഗങ്ങൾക്ക് പ്രചോദനത്തിന്റെ ഉറവിടമാണ് ജോഷിയെന്നും അദ്ദേഹത്തിന്റെ ജ്ഞാനവും വിപുലമായ അനുഭവസമ്പത്തും ദേശീയ ആശയവും രാജ്യത്തിന് വളരെ വിലപ്പെട്ടതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
മുരളി മനോഹർ ജോഷി ആരോഗ്യവാനായിരിക്കാനും ദീർഘായുസ്സോടെ ജീവിക്കാനും ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്ന് എക്സിലെ ഒരു പോസ്റ്റിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
“മുതിർന്ന ബിജെപി നേതാവ് ബഹുമാന്യനായ ഡോ മുരളി മനോഹർ ജോഷിജിക്ക് ഞാൻ ജന്മദിനാശംസകൾ നേരുന്നു. സംഘടനയെ ശാക്തീകരിക്കുന്നതിലും ആത്മസമർപ്പണം ചെയ്ത പ്രവർത്തകരെ സൃഷ്ടിക്കുന്നതിലും വിവിധ ഉത്തരവാദിത്തങ്ങളിലൂടെ താങ്കൾ നിർണായക പങ്കുവഹിച്ചു. സർവ ശിക്ഷാ അഭിയാനും എല്ലാ വിഭാഗങ്ങൾക്കും വേണ്ടിയുള്ള സൗജന്യ വിദ്യാഭ്യാസവും നൽകുക വഴി മാനവ വിഭവശേഷി വികസന മന്ത്രി എന്ന നിലയിൽ അങ്ങ് അവിസ്മരണീയമായ സംഭാവനയാണ് നൽകിയത്. രാഷ്ടമാണ്ആദ്യം എന്ന ആശയത്തിന് വേണ്ടി സമർപ്പിക്കപ്പെട്ട അങ്ങയുടെ ജീവിതം യുവജനങ്ങൾക്ക് എന്നും പ്രചോദനം നൽകുന്നതാണ്. അങ്ങ് ആരോഗ്യവാനായിരിക്കാനും ദീർഘായുസ്സോടെ ജീവിക്കാനും ദൈവത്തോട് പ്രാർത്ഥിക്കുന്നു,” ഷാ പറഞ്ഞു.
കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെപി നദ്ദയും മുരളി മനോഹർ ജോഷിക്ക് ഊഷ്മളമായ ജന്മദിനാശംസകൾ നേർന്നു,
“ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപക അംഗവും മുൻ കേന്ദ്രമന്ത്രിയും പത്മവിഭൂഷൺ ബഹുമാന്യ ഡോ. മുരളി മനോഹർ ജോഷിയുടെ ജന്മദിനത്തിൽ ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു. സംഘടനയ്ക്കും പൊതുസേവനത്തിനും വേണ്ടി സമർപ്പിതമായ നിങ്ങളുടെ ജീവിത തത്വശാസ്ത്രം എപ്പോഴും ഞങ്ങൾക്ക് പ്രചോദനമാണ്. നിങ്ങളുടെ നല്ല ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടി ഞാൻ ഭഗവാൻ ശ്രീരാമനോട് പ്രാർത്ഥിക്കുന്നു,” നദ്ദ എക്സിൽ പറഞ്ഞു.
മുരളീ മനോഹർ ജോഷിയുടെ ആയുരാരോഗ്യത്തിനായി മാ കാമാഖ്യയ്ക്കും ശ്രീമന്ത ശങ്കർദേവനോടും പ്രാർത്ഥിച്ച് കൊണ്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ജന്മദിനാശംസകൾ നേർന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, രാജീവ് ചന്ദ്രശേഖർ എന്നിവരും ഡോക്ടർ മുരളീ മനോഹർ ജോഷിക്ക് ആശംസകൾ നേർന്നു.
ബിജെപിയുടെ ഉദയത്തിന്റെ ആദ്യ ദശകങ്ങളിൽ അടൽ ബിഹാരി വാജ്പേയി, ലാൽ കൃഷ്ണ അദ്വാനി എന്നിവർക്കൊപ്പംഉറച്ച നേതൃത്വം നൽകിക്കൊണ്ട് ബിജെപിക്ക് ദിശാബോധം നൽകിയ പ്രമുഖ നേതാവാണ് ഡോക്ടർ മുരളീ മനോഹർ ജോഷി. 1998-2004 കാലഘട്ടത്തിൽ വാജ്പേയിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ മന്ത്രിയായിരുന്നു.
അദ്ദേഹത്തിന് 2017-ൽ ഇന്ത്യാ ഗവൺമെൻ്റ് ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചു .
കോളേജ് കാലം മുതൽ ജോഷി ആർഎസ്എസ് അംഗമാണ് . 1953-54 കാലഘട്ടത്തിൽ ഗോസംരക്ഷണ പ്രസ്ഥാനത്തിൽ പങ്കെടുത്തു. അടിയന്തരാവസ്ഥക്കാലത്ത് 1975 ജൂൺ 26 മുതൽ 1977 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ജോഷി ജയിലിൽ ആയിരുന്നു. തുടർന്ന് അൽമോറയിൽ നിന്ന് പാർലമെൻ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു . തുടർന്ന് ജനതാ പാർട്ടി അധികാരത്തിൽ വന്നപ്പോൾ ജോഷി ജനതാ പാർലമെൻ്ററി പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. സർക്കാരിന്റെ പതനത്തിനുശേഷം 1980-ൽ ഭാരതീയ ജനതാ പാർട്ടി അല്ലെങ്കിൽ ബിജെപി രൂപീകരിച്ചപ്പോൾ ജോഷി ആദ്യം ജനറൽ സെക്രട്ടറിയായി. പിന്നീട് പാർട്ടി ട്രഷററായി. ബി.ജെ.പിയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ ബിഹാർ, ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയുടെ ചുമതല അദ്ദേഹം നേരിട്ട് വഹിച്ചിരുന്നു.
1991 ഡിസംബറിൽ, ജോഷി ഏകതായാത്ര നടത്തി. ഡിസംബർ 11 ന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ ആരംഭിച്ച ഇത് 14 സംസ്ഥാനങ്ങൾ സന്ദർശിച്ചു. പിന്നീട് ജോഷി അലഹബാദിൽ നിന്ന് മൂന്ന് തവണ എംപിയായിരുന്നു. വാരണാസിയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി 15-ാം ലോക്സഭയിലേക്ക് അദ്ദേഹം വിജയിച്ചു. വാരണാസിയിൽ നിന്നുള്ള സിറ്റിംഗ് എംപിയായിരുന്ന അദ്ദേഹം 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കായി ആ സീറ്റ് ഒഴിഞ്ഞുകൊടുത്തു. പിന്നീട് കാൺപൂരിൽ നിന്ന് മത്സരിച്ച അദ്ദേഹം 2.23 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
1996-ൽ 13 ദിവസത്തെ ഗവൺമെൻ്റിൽ ആഭ്യന്തര മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പിന്നീട് അടൽ ബിഹാരി വാജ്പേയിയുടെ കീഴിൽ ബിജെപി സർക്കാർ രൂപീകരിച്ചപ്പോൾ ആ മന്ത്രിസഭയിൽ ജോഷി മാനവശേഷി വികസന മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2009-ൽ ബിജെപിയുടെ മാനിഫെസ്റ്റോ തയ്യാറാക്കൽ ബോർഡിന്റെ ചെയർമാനായി ജോഷിയെ നിയമിച്ചു. അലഹബാദ് സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥി സംഘടന അദ്ദേഹത്തെ അലഹബാദ് സർവകലാശാലയുടെ “പ്രൗഡ് പാസ്റ്റ് അലുംനി” ആയി ആദരിച്ചിട്ടുണ്ട്.