സ്കൂൾ കലോത്സവങ്ങളിൽ മാറ്റി നിർത്താനാകാത്ത ഇനമാണ് കൂടിയാട്ടം. ഈ കലാരൂപത്തിന് പേരുകേട്ടയിടമായ തൃശൂരിലെ പൈങ്കുളത്താണ് മിക്ക വിദ്യാർത്ഥികളും കൂടിയാട്ടം പരിശീലിക്കുന്നത്. കല അഭ്യസിപ്പിക്കുന്നതാകട്ടെ ആചാര്യൻ പൈങ്കുളം നാരായണ ചാക്യാരും. കൂടിയാട്ട ആചാര്യന് തന്റെ 33-ാം കലോത്സവമാണിത്.
ഹയർ സെക്കൻഡറി വിഭാഗം കൂടിയാട്ടത്തിൽ പതിനാല് ടീമുകളാണ് മത്സരിക്കുന്നത്. ഇതിൽ പത്ത് ടീമുകളും പൈങ്കുളം നാരായണ ചാക്യാരുടെ ശിക്ഷണത്തിൽ അരങ്ങിലെത്തുന്നുവെന്ന പ്രത്യേകത കൂടി ഈ വർഷത്തെ കലോത്സവത്തിനുണ്ട്.
1986 ൽ കേരള കലാമണ്ഡലത്തിൽ നിന്ന് കൂടിയാട്ടത്തിൽ പരിശീലനം നേടിയ ചാക്യാർ കലോത്സവ വേദികളിൽ കൂടിയാട്ടം എന്ന കലയുടെ പ്രചാരണത്തിന് വലിയ പങ്കുവഹിച്ചു. 1987 മുതൽ കലോത്സവ വേദികളിൽ ശിഷ്യഗണങ്ങളുമായി അദ്ദേഹം എത്തുന്നുണ്ട്.
2010 വരെ കൂടിയാട്ടം എന്നത് യുനെസ്കോ അംഗീകരിച്ച കേരളത്തിലെ ഏക പൈതൃക കലയായിരുന്നു. കലോത്സവവേദികളിൽ കൂടിയാട്ടം വന്നതോടെ കല അഭ്യസിക്കാനുളള ആളുകളുടെ താത്പര്യം വലിയ തോതിൽ കൂടിയെന്ന് നാരായണ ചാക്യാർ പറയുന്നു.
മത്സരം എന്നതിലുപരി കൂടിയാട്ടം എന്ന കലയിലേക്ക് പുതുതലമുറയുടെ ശ്രദ്ധ ആകർഷിക്കുകയും ഇഷ്ടം ഉണ്ടാക്കിയെടുക്കുകയും ചെയ്യുക എന്നതാണ് കലോത്സവങ്ങളിലെ പങ്കാളിത്തത്തിലൂടെ പൈങ്കുളം നാരായണ ചാക്യാർ ലക്ഷ്യം വയ്ക്കുന്നത്.