ഹരിപ്പാട്: മുതുകുളം പാർവ്വതി അമ്മ ട്രസ്റ്റിന്റെ 2025 ലെ സാഹിത്യ പുരസ്കാരത്തിന് സുധാ മേനോൻ അർഹയായി.സുധാ മേനോന്റെ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’ എന്ന കൃതിക്കാണ് പുരസ്കാരം. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ വംശീയത കൊണ്ടും, രാഷ്ട്രീയ അസ്ഥിരത കൊണ്ടും, പ്രകൃതി ദുരന്തങ്ങളാലും സ്ത്രീകളനുഭവിക്കുന്ന സങ്കടങ്ങളുടെ നേർക്കാഴ്ചകളാണ് എഴുത്തുകാരി ഇതിൽ വിവരിക്കുന്നത്. യുദ്ധം കലാപം പ്രകൃതിദുരന്തം എന്നിവയിൽ ഏതൊന്നു സംഭവിച്ചാലും ഇതിലൊക്കെ ഇരയാക്കപ്പെടുന്നത് സ്ത്രീകളാണെന്നത് ഈ പുസ്തകത്തിൽ വ്യക്തമാക്കുന്നു.
ഡോ: എം.ടി. സുലേഖ, ഡോ: മ്യൂസ് മേരി ജോർജ്ജ്, ഡോ: നിത്യ പി.വിശ്വം എന്നിവർ അടങ്ങിയ സമിതിയാണ് വിധി നിർണ്ണയം നടത്തിയത്.15000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ജനുവരി 26 ന് വൈകിട്ട് 5 മണിക്ക് മുതുകുളത്തു നടക്കുന്ന സമ്മേളനത്തിൽ വച്ച് ഹരിപ്പാട് എം എൽ എ രമേശ് ചെന്നിത്തല സമ്മാനിക്കും.
പയ്യന്നൂരിലെ അന്നൂരിനടുത്തുള്ള കാറമേലിൽ ജനിച്ച സുധാ മേനോൻ പയ്യന്നൂർ കോളജിലും കേരള സർവകലാശാലയുടെ പൊളിറ്റിക്കൽ സയന്‍സ് വകുപ്പിലും ജർമനിയിലെ ഗ്ലോബൽ ലേബർ യൂണിവേഴ്സിറ്റിയിലും പഠനവും ഗവേഷണവും പൂർത്തിയാക്കി . ബി.എ., എം.എ. പൊളിറ്റിക്കൽ സയന്‍സ് പരീക്ഷകളിൽ ഒന്നാം റാങ്കും സ്വർണ്ണമെഡലും നേടിയിട്ടുണ്ട്. അന്തർദേശീയതൊഴിൽ നിയമലംഘനങ്ങളും വ്യാവസായിക രംഗത്തെ തൊഴിലാളിചൂഷണവും അപഗ്രഥിക്കുന്നതിൽ ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷന്റെ (ILO) പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ദ്ധരിൽ ഒരാളാണ്. ദീർഘകാലം, ദക്ഷിണേഷ്യയിലെ യുദ്ധ–സംഘർഷ–കലാപബാധിത പ്രദേശങ്ങളിലെ ഇരകൾ ആയ സ്ത്രീകളുടെ സാമ്പത്തികശാക്തീകരണവും പുനരധിവാസവും ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയുടെ സീനിയർ പ്രോഗ്രാം മാനേജരായിരുന്നു. ഇംഗ്ലിഷ്–മലയാളം പത്രങ്ങളിൽ കോളമിസ്റ്റാണ്.