ബാങ്കോക്ക്: വിനോദസഞ്ചാര കേന്ദ്രത്തിൽ ആനയെ കുളിപ്പിക്കുന്നതിനിടെ ആനയുടെ കൊമ്പ് തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം. സ്പാനിഷ് വിനോദസഞ്ചാരിയായ ബ്ലാങ്ക ഓജംഗുരെൻ ഗാർസിയ ആണ് മരിച്ചത്. തായ്ലൻഡിലെ കോ യാവോ എലിഫന്റ് കെയറിൽ വിനോദസഞ്ചാരികൾ ആനകളെ കുളിപ്പിക്കുന്നതിനിടെയാണ് സംഭവം.
ആന പെട്ടന്ന് അക്രമാസക്തനാവുകയായിരുന്നു. പിന്നാലെ ഗാർസിയയെ ആക്രമിച്ചു. ഗുരുതര പരിക്കുകളോടെ ഗാർസിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗാർസിയയ്ക്കൊപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്തിന് പരിക്കേറ്റിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
സ്പെയിനിലെ പാംപ്ലോണയിലുള്ള നവാര സർവകലാശാലയിലെ നിയമവിദ്യാർത്ഥിനിയാണ് ഗാർസിയ. പഠനത്തിന്റെ ഭാഗമായി തായ്വാനിലെ യൂണിവേഴ്സിറ്റി എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുക്കുക്കാൻ എത്തിയതായിരുന്നു അവർ. ഇതിനിടെയാണ് ആന പരിപാലന കേന്ദ്രം സന്ദർശിച്ചത്. ദാരുണമായ സംഭവമാണുണ്ടായതെന്നും ഗാർസിയയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേരുന്നുവെന്നും നവാര യൂണിവേഴ്സിറ്റി അധികൃതർ വ്യക്തമാക്കി.
തായ്ലാൻഡിൽ ആനകളെ കഴുകുന്നതും കുളിപ്പിക്കുന്നതും വിനോദസഞ്ചാരത്തിന്റെ ഭാഗമാണ്. വിനോദസഞ്ചാരികളുമായി ഇടപഴകുന്നത് ആനകളിൽ സമ്മർദ്ദത്തിന് വഴിയൊരുക്കുമെന്നാണ് പരിസ്ഥിതി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഇതായിരിക്കാം ആന പെട്ടന്ന് അക്രമാസക്തനാകാൻ കാരണമായതെന്നും വന്യജീവി നിരീക്ഷകർ വിലയിരുത്തുന്നു.